പോര്‍ട്ട് എലിസബത്ത്: പാകിസ്താന് സൂപ്പര്‍ ലീഗ് ആരാധകര്‍ക്ക് നിരാശ നല്കി എബി ഡിവില്ലിയേഴ്സ്. ഈ സീസണില്‍ ലീഗില്‍ ഡിവില്ലിയേഴ്സ് ഉണ്ടാകില്ലെന്ന വാര്‍ത്തയാണ് ആരാധകരെ നിരാശരാക്കുന്നത്. അമിത ജോലിഭാരം കാരണം പിഎസ്എല്ലില്‍ നിന്ന് അദ്ദേഹം പിന്മാറുകയായിരുന്നു. ഈ മാസം ഇംഗ്ലണ്ടില്‍ നടക്കുന്ന വിറ്റാലിറ്റി ബ്ലാസ്റ്റ് ടി20യിലും അദ്ദേഹം കളിക്കില്ലെന്നാണ് വിവരം. അതേ സമയം ബിഗ്ബാഷ് ലീഗില്‍ ബ്രിസ്ബണ്‍ ഹീറ്റിനുവേണ്ടിയും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനുവേണ്ടിയും അദ്ദേഹം കളിക്കും. ബിഗ്ബാഷ് ലീഗിന്റെ ആദ്യ മത്സരങ്ങളില്‍ അദ്ദേഹം കളിക്കില്ലെന്നും ക്രിസ്മസിനുശേഷം മാത്രമെ അദ്ദേഹം ടീമിനൊപ്പം ചേരുകയുള്ളുവെന്നും ഡിവില്ലിയേഴ്സിന്റെ മാനേജര്‍ വ്യക്തമാക്കി.
വെടിക്കെട്ട് സെഞ്ച്വറിയുമായി മനീഷ് പാണ്ഡെ; സര്‍വീസസിനെതിരേ കര്‍ണാടകയ്ക്ക് ജയം
ഡിസംബര്‍ ആറിനാണ് പിഎസ്എല്ലിന്റെ ലേലം നടക്കുന്നത്. ഡിസംബര്‍ ഒന്നിനകം ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുന്ന ടീമുകളുടെ പട്ടിക പിസിബിക്ക് നല്‍കണം. ആറ് ഫ്രാഞ്ചൈസികളാണുള്ളത്. ഒരു ടീമിന് എട്ട് താരങ്ങളെ വരെ നിലനിര്‍ത്താം. അവസാന സീസണില്‍ കലന്തേഴ്സിനുവേണ്ടിയാണ് എബിഡി കളിച്ചത്. 54.50 ശരാശരിയില്‍ 218 റണ്‍സും അദ്ദേഹം നേടിയിരുന്നു. എബിഡിയുടെ അഭാവം കലന്തേഴ്സിന് കടുത്ത തിരിച്ചടിയാവും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ലീഗ് ക്രിക്കറ്റില്‍ ഡിവില്ലിയേഴ്സ് ഇപ്പോഴും സജീവമാണ്.