മുംബൈ: മുംബൈ ക്രിക്കറ്റ് താരം കരണ്‍ തിവാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. 27കാരനായ താരം വീട്ടില്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ക്രിക്കറ്റില്‍ പ്രതീക്ഷിച്ച നേട്ടം സ്വന്തമാക്കാന്‍ സാധിക്കാത്തതിന്റൈ നൈരാശ്യത്തെത്തുടര്‍ന്നാണ് കരണ്‍ തിവാരി ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ഇതുവരെ മുംബൈ ക്രിക്കറ്റ് ടീമിനുവേണ്ടി കളിക്കാന്‍ കരണിന് അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ ടീമിനൊപ്പം നൈറ്റ് ബൗളറായി കരണ്‍ സജീവമായിരുന്നു.
കോവിഡ് 19 മുംബൈയില്‍ വ്യാപകമായതിനാല്‍ താരങ്ങളെല്ലാം വീടുകളില്‍ത്തന്നെയായിരുന്നു. ഇതോടെ നെറ്റ് ബൗളര്‍ ആയിരുന്ന കരണും വീട്ടില്‍ത്തന്നെ ഇരിക്കേണ്ടി വന്നു. ഈ കാലയളവില്‍ അദ്ദേഹം വിഷാദരോഗബാധിതനായി എന്നാണ് പുറത്തുവരുന്നത്. സംഭവത്തില്‍ കുറാര്‍ പോലീസ് അപകട മരണത്തിന് കേസെടുത്തു. മരണക്കുറിപ്പൊന്നും സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടില്ല.

മിഡില്‍ ക്ലാസ് കുടുംബത്തിലെ അംഗമായിരുന്നു കരണ്‍. മുംബൈയിലെ മലാദില്‍ അമ്മയോടും സഹോദരനോടുമൊപ്പമായിരുന്നു കരണ്‍ താമസിച്ചിരുന്നത്. തനിക്ക് വേണ്ടത്ര അവസരം ലഭിക്കുന്നില്ലെന്നും കഴിവ് പുറത്തെടുക്കാന്‍ സാധിക്കാത്തതതിലും പ്രതീക്ഷിച്ച ഉയരത്തിലേക്ക് എത്താന്‍ സാധിക്കാത്തതിലും നിരാശയുണ്ടായിരുന്നുവെന്നും കരണ്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ വിഷാദമാണ് അദ്ദേഹത്തെ ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.
മുംബൈ ടീമില്‍ ഇതുവരെ അവസരം ലഭിക്കാത്തതിന്റെ നൈരാശ്യവും രാജസ്ഥാനിലെ സുഹൃത്തുമായി കരണ്‍ പങ്കുവെച്ചിരുന്നു. ഇക്കാര്യം രാജസ്ഥാനിലെ സുഹൃത്ത് കരണിന്റെ സഹോദരിയെ അറിയിക്കുകയും സഹോദരി അമ്മയോട് ഫോണിലൂടെ കാര്യങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രി 10.30ഓടെ കരണ്‍ റൂമില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നു.
രാവിലെ എണീക്കാത്തതിനെത്തുടര്‍ന്ന് വാതില്‍ ചവിട്ട്ത്തുറന്ന് നോക്കിയപ്പോഴാണ് കരണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിരവധി തവണ മുംബൈ ടീമില്‍ പ്രവേശനം നേടാന്‍ കരണ്‍ ശ്രമിച്ചെങ്കിലും ഒരു തവണ പോലും വിജയം കണ്ടില്ല. ഇതിനിടെ കോവിഡിനെത്തുടര്‍ന്ന് അടച്ചുപൂട്ടി ഇരിക്കേണ്ടി വന്നതോടെ കരിയര്‍ അവസാനിച്ചുവെന്ന ഭീതിയിലാവും കരണ്‍ ഇത്തരമൊരു കാര്യം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കരണിനെപ്പോലെ നിരവധി താരങ്ങള്‍ ഇത്തരം കടുത്ത മാനസിക സമ്മര്‍ദ്ദമാണ് കോവിഡ് കാലത്ത് അനുഭവിക്കുന്നത്.
പലരുടേയും ഭാവി ഇതിനോടകം ചോദ്യ ചിഹ്നമായിട്ടുണ്ട്. അണ്ടര്‍ 19,23 താരങ്ങളെയും കോവിഡിനെത്തുടര്‍ന്നുണ്ടായ ഇടവേള കാര്യമായി ബാധിക്കുമെന്നുറപ്പാണ്. ഇക്കാര്യം നാഷണല്‍ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനും മുന്‍ ഇന്ത്യന്‍ നായകനുമായ രാഹുല്‍ ദ്രാവിഡും കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ക്രിക്കറ്റിനോട് അനുബന്ധിച്ച് ജീവിതമാര്‍ഗം കണ്ടെത്തിയ നിരവധി പേര്‍ക്കും കടുത്ത പ്രതിസന്ധിയാണ് കോവിഡ് കാലം നല്‍കിയിരിക്കുന്നത്.