ദുബായ്: 2023ല്‍ ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പിനുള്ള യോഗ്യത സ്വന്തമാക്കുന്നതിനായി ഐസിസി പുറത്തിറക്കിയ സൂപ്പര്‍ ലീഗ് ടൂര്‍ണമെന്റില്‍ പാകിസ്താന്‍ സിംബാബ്‌വെയെ നേരിടും. പാകിസ്താനിലാണ് മത്സരം നടക്കുന്നത്. സിംബാബ് വെയ്‌ക്കെതിരേ നാട്ടില്‍ കളിച്ച 19 മത്സരത്തില്‍ ഒരു മത്സരം മാത്രമാണ് പാകിസ്താന്‍ തോറ്റത്. ഇത് പാകിസ്താന്റെ പുതിയ നായകന്‍ ബാബര്‍ അസാമിന് ആത്മവിശ്വാസം നല്‍കും. സീനിയര്‍ താരങ്ങളില്‍ ഷുഹൈബ് മാലിക്കും മുഹമ്മദ് ഹഫീസും ഇപ്പോഴും പാകിസ്താന്‍ ടീമില്‍ സജീവമാണ്.
മികച്ച യുവതാരനിരയെ വാര്‍ത്തെടുക്കാന്‍ ഇതിനോടകം പാകിസ്താന് സാധിച്ചിട്ടുണ്ട്. ബാബര്‍ അസാമിനെ സംബന്ധിച്ച് വ്യക്തിഗത നേട്ടം ഉയര്‍ത്താനുള്ള സുവര്‍ണ്ണാവസരം കൂടിയാണിത്. സിംബാബ് വെയ്‌ക്കെതിരേ മൂന്ന് ഏകദിനത്തില്‍ നിന്ന് 250 റണ്‍സിലധികം നേടിയാല്‍ ഏകദിന റാങ്കിങ്ങില്‍ കോലിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താന്‍ ബാബറിനാവും. മൂന്ന് ടി20കളില്‍ 100 ലധികം റണ്‍സ് നേടിയാല്‍ ടി20 ഫോര്‍മാറ്റിലെ ബാറ്റ്‌സ്മാന്‍മാരിലും ഒന്നാം സ്ഥാനത്തെത്താം.

ഐസിസിയില്‍ അംഗങ്ങളായ 12 ടീമുകളും 13ാം ടീമായി ഹോളണ്ടുമായി ലോകകപ്പ് യോഗ്യതക്കായി മത്സരിക്കുക.എട്ട് മൂന്ന് മത്സര പരമ്പരകളാണ് ഓരോ ടീമും കളിക്കേണ്ടി വരിക. നാലെണ്ണം നാട്ടിലും നാലെണ്ണം വിദേശത്തും. ഒരു ജയം നേടിയാല്‍ 10 പോയിന്റാവും ടീമിന് ലഭിക്കുക. സമനിലയാവുകയോ ഉപേക്ഷിക്കുകയോ ചെയ്യേണ്ടി വന്നാല്‍ 5 പോയിന്റ് ലഭിക്കും. എട്ട് മത്സരങ്ങളില്‍ നിന്ന് കൂടുതല്‍ പോയിന്റ് ലഭിക്കുന്ന ടീമാവും ഒന്നാം സ്ഥാനത്തെത്തുക. അയര്‍ലന്‍ഡിനെതിരായ പോരാട്ടം 2-1ന് ജയിച്ച നിലവിലെ ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് 30 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയോട് 2-1ന് പരമ്പര നഷ്ടപ്പെട്ടത് ഇംഗ്ലണ്ടിന് ക്ഷീണമായി.
സിംബാബ്‌വെ പരമ്പരയിലൂടെ വ്യക്തിഗത നേട്ടങ്ങള്‍ ഉയര്‍ത്താനുള്ള സുവര്‍ണ്ണാവസരം പാകിസ്താന്‍ താരങ്ങളുടെ മുന്നിലുണ്ട്. പാകിസ്താന്‍ ഓപ്പണര്‍ ഇമാം ഉല്‍ഹഖിന് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ആദ്യ 10ലേക്ക് എത്താനുള്ള സുവര്‍ണ്ണാവസരമാണിത്. ജോണി ബെയര്‍സ്‌റ്റോയുമായി രണ്ട് പോയിന്റിന്റെ വ്യത്യാസം മാത്രമാണ് ഇമാമിനുള്ളത്. പരമ്പരയ്ക്കുള്ള ടീമില്‍ മുഹമ്മജ് അമീര്‍ ഇടം നേടിയിട്ടില്ല. ഇടം കൈയന്‍ ഫാസ്റ്റ് ബൗളര്‍ ഷഹിന്‍ ഷാ അഫ്രീദി ടീമില്‍ ഇടം കണ്ടെത്തി. സിംബാബ്‌വെ നിരയില്‍ 47ാം സ്ഥാനത്തുള്ള സിക്കന്തര്‍ റാസയാണ് കേമന്‍. ബ്രണ്ടന്‍ ടെയ്‌ലര്‍ (50) സീന്‍ വില്യംസ് (57) എന്നിവരാണ് മറ്റുള്ള പ്രധാന താരങ്ങള്‍. ഫാസ്റ്റ് ബൗളിങ്ങില്‍ ടെന്‍ഡെയ് ചട്ടാരയാണ് പ്രധാനി. ലോകകപ്പ് യോഗ്യത മുന്നിലുള്ളതിനാല്‍ സിംബാബ്‌വെയ്ക്കും പാകിസ്താനും നിര്‍ണ്ണായകമാണ്.