സിംഗപ്പൂര്‍ സിറ്റി: ഫോര്‍മുലവണ്‍ സിംഗപ്പൂര്‍ ഗ്രാന്റ്പ്രീയ്ക്ക് മുന്നോടിയായുള്ള ആദ്യ പരിശീലനത്തിനിടെ മെഴ്സിഡസ് ഡ്രൈവര്‍ വല്‍ട്ടേരി ബോത്താസിന് അപകടം. 19ാം വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ബോത്താസിന്റെ വാഹനം സമീപത്തെ ബാരിക്കേഡില്‍ ഇടിക്കുകയായിരുന്നു. വാഹനത്തിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നെങ്കിലും ബോത്താസ് പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ബോത്താസ് മെഴ്സിഡസിലെ സഹതാരം ലൂയിസ് ഹാമില്ട്ടന് പിന്നാലെ രണ്ടാമതുണ്ട്. സെപ്തംബര്‍ 22നാണ് സിംഗപ്പൂര്‍ ഗ്രാന്റ്പ്രീ നടക്കുന്നത്. സീസണില്‍ 14 ഗ്രാന്റ്പ്രീകള്‍ അവസാനിക്കുമ്പോള്‍ ലൂയിസ് ഹാമില്ട്ടന് ബഹുദൂരം മുന്നിലാണ്.284 പോയിന്റാണ് ഹാമില്‍ട്ടനുള്ളത്. രണ്ടാമതുള്ള ബോത്താസിന് 221 പോയിന്റാണുള്ളത്. ഈ സീസണിലെ 10 ഗ്രാന്റ്പ്രീകളിലും ജയം മെഴ്സിഡസ് ടീമിനായിരുന്നു. 185 പോയിന്റുള്ള റെഡ്ബുള്ളിന്റെ മാക്സ് വെസ്തപ്പാനാണ് മൂന്നാം സ്ഥാനത്ത്.
വിലക്കണം, ശ്രീലങ്കന്‍ താരങ്ങള്‍ക്ക് എതിരെ രോഷം കൊണ്ട് സയിദ് അജ്മല്‍
ഫെരാരിയുടെ യുവ ഡ്രൈവര്‍ ചാള്‍സ് ലിക്ലര്‍ക്ക് 182 പോയിന്റോടെ നാലാം സ്ഥാനത്തുമുണ്ട്. ഫെരാരിയുടെ സൂപ്പര്‍ ഡ്രൈവര്‍ വിശേഷണമുള്ള സെബാസ്റ്റ്യന്‍ വെറ്റല്‍ 169 പോയിന്റോടെ അഞ്ചാമതാണ്. ഈ സീസണില്‍ ഒരു ജയം പോലും നേടാന്‍ വെറ്റലിന് സാധിച്ചിട്ടില്ല. ടീം പോയിന്റിലും മെഴ്സിഡസിന്റെ കുതിപ്പാണ്. 505 പോയിന്റാണ് മെഴ്സിഡസിനുള്ളത്. 351 പോയിന്റുമായി ഫെരാരി രണ്ടാമതുണ്ട്.266 പോയിന്റുള്ള റെഡ്ബുള്‍ മൂന്നാം സ്ഥാനത്തും 83 പോയിന്റുമായി മക്ലാരന് നാലാം സ്ഥാനത്തുമുണ്ട്.