മൊണാക്കോ: മാണാക്കോ ഗ്രാന്‍ഡ് പ്രീയില്‍ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടണ്‍ ചാമ്പ്യനായി. ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലാണ് രണ്ടാം സ്ഥാനത്ത്. ഇതോടെ തുടര്‍ച്ചയായ അഞ്ച് ഗ്രാന്‍ഡ് പ്രീയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ മെഴ്‌സിഡസിന്റെ കുതിപ്പിന് വെറ്റല്‍ തടയിട്ടു. മെഴ്‌സിഡസിന്റെ വാല്‍ട്ടേറി ബൊട്ടാസ് ആണ് മൂന്നാം സ്ഥാനത്തെത്തിയത്.

റെഡ്ബുളിന്റെ മാക്‌സ് വെര്‍സ്റ്റാപ്പെന്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തെങ്കിലും അഞ്ച് സെക്കന്റ് പെനാല്‍റ്റി വിധിച്ചതിനെ തുടര്‍ന്ന് നാലാം സ്ഥാനത്തായി. ബോട്ടാസുമായി കൂട്ടിയിടിച്ചതിനും അണ്‍സേഫ് റിലീസിനുമാണ് പെനാല്‍റ്റി വിധിച്ചത്. അഞ്ചുതവണ ലോക ചാമ്പ്യനായ ലൂയിസ് ഹാമില്‍ട്ടണ്‍ നിലവില്‍ രണ്ടാംസ്ഥാനത്തുള്ള ബോട്ടാസിനേക്കാള്‍ 17 പോയന്റ് മുന്നിലാണ്.
മത്സരം കടുത്തതായിരുന്നെന്ന് വിജയിയായ ഹാമില്‍ട്ടന്‍ പഞ്ഞു. അന്തരിച്ച മുന്‍ ചാമ്പ്യന്‍ നിക്കി ലൗഡയ്ക്ക് താരം വിജയം സമര്‍പ്പിക്കുകയും ചെയ്തു. ചുവന്ന ഹെല്‍മറ്റില്‍ ലൗഡയുടെ പേരെഴുതിയാണ് ഹാമില്‍ട്ടണ്‍ മത്സരത്തിനിറങ്ങിയത്. ഫോര്‍മുല വണ്‍ കാറോട്ടത്തിലെ ഇതിഹാസ താരമായിരുന്ന നിക്കി ലൗഡ കഴിഞ്ഞയാഴ്ചയാണ് അന്തരിച്ചത്. മൂന്നുതവണ ഫോര്‍മുല വണ്‍ ലോകചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയിട്ടുണ്ട്. 2012 മുതല്‍ മെഴ്സിഡസിന്റെ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനായ ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് ലൂയിസ് ഹാമില്‍ട്ടണ്‍ ലോക കിരീടങ്ങള്‍ സ്വന്തമാക്കിയത്.