ഹംഗറോറിങ്: ഫോര്‍മുലവണ്‍ ഹംഗേറിയന്‍ ഗ്രാന്റ്പ്രിക്സില് നിലവിലെ ലോക ചാംപ്യനായ മെഴ്സിഡസിന്റെ ലൂയിസ് ഹാമില്‍റ്റണിന് കിരീടം. ലോക കിരീടത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഫെറാറിയുടെ സെബാസ്റ്റ്യന്‍ വെറ്റലിനെ പിന്തള്ളിയാണ് ബ്രിട്ടീഷ് ഡ്രൈവറായ ഹാമില്റ്റണ് സീസണിലെ തുടര്‍ച്ചയായ രണ്ടാം ഗ്രാന്റ്പ്രിക്സിലും ജേതാവായത്.
1.37.16.427 സെക്കന്‍ഡും കൊണ്ടാണ് ഹാമില്റ്റണ് കാര്‍ റേസിങില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. വിജയത്തോടെ സീസണില്‍ ലോക ഡ്രൈവര്‍ ചാംപ്യന്മാര്ക്കായുള്ള പോരില്‍ ലീഡ് ഉയര്‍ത്താനും ഹാമില്‍റ്റണിന് സാധിച്ചു. 213 പോയിന്റുമായാണ് ലോക ഡ്രൈവേര്‍സ് ചാംപ്യന്‍ഷിപ്പില്‍ ഹാമില്റ്റണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
തൊട്ടുപിന്നിലുള്ള വെറ്റലിന് 189 പോയിന്റാണുള്ളത്. 146 പോയിന്റുമായി ഫെറാരിയുടെ കിമി റൈക്കോണനാണ് മൂന്നാം സ്ഥാനത്ത്. ഹംഗേറിയന്‍ ഗ്രാന്റ്പ്രിക്സില് വെറ്റലിന് പിന്നിലായി റൈക്കോണന് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു.