ഓസ്റ്റിന്‍: ഫോര്‍മുല വണ്‍ കാറോട്ട പോരാട്ടത്തില്‍ ആറാം ലോക കിരീടമുയര്‍ത്തി മെഴ്സിഡസിന്റെ ലെവിസ് ഹാമില്ട്ടന്. യുഎസ് ഗ്രാന്റ്പ്രീയില്‍ രണ്ടാം സ്ഥാനത്തെത്തിയതോടെയാണ് ഹാമില്ട്ടന് ഈ സീസണിലും കിരീടം ഉറപ്പിച്ചത്. തുടര്‍ച്ചയായ മൂന്നാം സീസണിലാണ് ഹാമില്ട്ടന് ഫോര്‍മുലവണ്‍ കിരീടം ചൂടുന്നത്. ഈ സീസണിലെ നേട്ടത്തോടെ അര്‍ജന്റീനയുടെ ജുവാന്‍ മാനുവല്‍ ഫാന്‍ഗിയോയെ മറികടന്ന് ഏറ്റവും കൂടുതല്‍ കിരീടം നേടുന്നവരുടെ പട്ടികയില്‍ ഹാമില്ട്ടന് രണ്ടാമതെത്തി. ഏഴ് കിരീടം നേടിയ മൈക്കില്‍ ഷുമാക്കര്‍ മാത്രമാണ് ഇനി ഹാമില്ട്ടന് മുന്നിലുള്ളത്.
യുഎസ് ഗ്രാന്റ്പ്രീയില്‍ മെഴ്സിഡസിന്റെ വള്‍ട്ടേരി ബോത്താസാണ് ജേതാവായത്. ഹാമില്ട്ടന് രണ്ടാമതെത്തിയപ്പോള്‍ റെഡ്ബുള്ളിന്റെ മാക്സ് വെസ്തപ്പാന് മൂന്നാം സ്ഥാനത്തെത്തി. ഫെരാരിയുടെ ചാള്‍സ് ലിക്ലര്‍ക്ക് നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു. സെബാസ്റ്റ്യന്‍ വെറ്റല്‍ തീര്‍ത്തും നിരാശപ്പെടുത്തി.
ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടി20 മത്സരം നടന്നേക്കില്ലെന്ന് ആശങ്ക
ഈ സീസണില്‍ ബ്രസീല്‍,അബുദാബി എന്നീ രണ്ട് ഗ്രാന്റ്പ്രീകളാണ് അവശേഷിക്കുന്നത്. 381 പോയിന്റുകളുമായി ഹാമില്‍ട്ടനാണ് പോയിന്റ് പട്ടികയില്‍ മുന്നില്‍. ബോത്താസിന് 314ഉും ചാള്‍സ് ലിക്ലര്‍ക്കിന് 249 പോയിന്റുമുണ്ട്. കണ്‍സ്ട്രക്ടേഴ്സ് റാങ്കിങ്ങിലും മെഴ്സിഡസിനാണ് ആധിപത്യം. 695 പോയിന്റുമായി അവര്‍ കിരീടം ഉറപ്പിച്ചു. 479 പോയിന്റുള്ള ഫെരാരിയാണ് രണ്ടാം സ്ഥാനത്ത്. റെഡ്ബുള്‍ 366 പോയിന്റുമായി മൂന്നാമതുണ്ട്.