മോണ്ടറെല്: ഫോര്‍മുലാ വണ്‍ കനേഡിയന്‍ ഗ്രാന്റ് പ്രിക്സില്‍ ഫെറാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിന് കിരീടം. മെഴ്സിഡസിന്റെ വള്ട്ടേറി ബോട്ടസിനെ പിന്തള്ളിയാണ് കാനഡയില്‍ വെറ്റല്‍ ചാംപ്യന്‍പട്ടം സ്വന്തമാക്കിയത്. ഒരു മണിക്കൂറും 28 മിനിറ്റും 31 സെക്കന്‍ഡും കൊണ്ടാണ് ജര്‍മന്‍ താരമായ വെറ്റല്‍ മല്‍സരം പൂര്‍ത്തിയാക്കിയത്. ഒരു മണിക്കൂറും 28 മിനിറ്റും 38 സെക്കന്‍ഡും കൊണ്ടാണ് ബോട്ടസ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. റെഡ്ബുള്‍ താരങ്ങളായ മാക്സ് വെര്‍സ്റ്റാപ്പനും ഡാനിയേല്‍ റിസ്സിയാര്ഡോയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. നിലവിലെ ലോക ചാംപ്യനായ മെഴ്സിഡസിന്റെ ലൂയിസ് ഹാമില്റ്റണ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
സീസണില്‍ വെറ്റലിന്റെ മൂന്നാം കിരീട നേട്ടമാണിത്. നേരത്തെ, ആസ്ത്രേലിയന്‍ ഗ്രാന്റ് പ്രീയിലും ബഹ്റെയ്ന് ഗ്രാന്റ് പ്രീയിലും വെറ്റല്‍ കിരീടം നേടിയിരുന്നു. ഇതോടെ ഈ സീസണിലെ ചാംപ്യന്പട്ടത്തിനുള്ള വെറ്റല്‍, ഹാമില്റ്റണ് പോരാട്ടം കനക്കുകയാണ്. 121 പോയിന്റുമായി വെറ്റലാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. 120 പോയിന്റുമായി ഹാമില്റ്റണ് തൊട്ടുപിന്നിലുണ്ട്. സീസണിലെ അടുത്ത ഗ്രാന്റ്പ്രീയായ ഫ്രഞ്ച് ഗ്രാന്റ് പ്രിക്സ് ഈ മാസം 24ന് നടക്കും.