മെര്‍സിഡീസിന്റെ മൂന്നുവര്‍ഷത്തെ കാത്തിരിപ്പിന് ഞായറാഴ്ച്ച ഹാമില്‍ട്ടണ്‍ വിരാമമിട്ടു. ഫോര്‍മുല വണ്‍ ബെല്‍ജിയന്‍ ഗ്രാന്‍ഡ് പ്രിക്‌സ് കിരീടം ലൂയിസ് ഹാമില്‍ട്ടണിന്. മത്സരത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയും ആധിപത്യം കയ്യടക്കിയ ഹാമില്‍ട്ടണ്‍ സഹതാരം വാലേരി ബോട്ടാസിനെയും റെഡ് ബുള്ളിന്റെ മാക്‌സ് വെര്‍സ്റ്റാപ്പനെയും പിന്നിലാക്കിയാണ് ഒന്നാമതെത്തിയത്. ഇതോടെ കരിയറിലെ 89 ആം ജയം ഹാമില്‍ട്ടണ്‍ പൂര്‍ത്തിയാക്കി. ബെല്‍ജിയന്‍ ജിപി നേടിയ പശ്ചാത്തലത്തില്‍ ലോക ചാംപ്യന്‍ഷിപ്പില്‍ 47 പോയിന്റുകളുടെ അധിക ലീഡ് താരം സ്വന്തമാക്കിയത് കാണാം. രണ്ടു ഫോര്‍മുല വണ്‍ മത്സരങ്ങള്‍ ജയിക്കുന്നതിന് തത്തുല്യമാണിത്.

നിലവില്‍ ഇതിഹാസ താരം മൈക്കല്‍ ഷൂമാക്കറുടെ നേട്ടത്തിന് തൊട്ടരികിലുണ്ട് ലൂയിസ് ഹാമില്‍ട്ടണ്‍. രണ്ടു മത്സരങ്ങള്‍ കൂടി ജയിച്ചാല്‍ ഷൂമാക്കര്‍ കുറിച്ച 91 ജയങ്ങളെന്ന എക്കാലത്തേയും ഉയര്‍ന്ന റെക്കോര്‍ഡ് ഹാമില്‍ട്ടണും അവകാശപ്പെടും. മുഗെലോയിലാണ് ഹാമില്‍ട്ടണ്‍ പങ്കെടുക്കാനിരിക്കുന്ന അടുത്ത കാറോട്ടമത്സരം. ഇതേസമയം, ഞായറാഴ്ച്ച സമാപിച്ച ബെല്‍ജിയന്‍ ഗ്രാന്‍ഡ് പ്രിക്‌സില്‍ ഫെരാരിയെ ഒരുപിടി ആശങ്കകള്‍ അലട്ടുന്നുണ്ട്. ഇത്തവണ സമാശ്വാസ പോയിന്റ പോലും നേടാന്‍ താരനിബിഡമായ ഫെരാരിക്ക് കഴിഞ്ഞിട്ടില്ല. സെബാസ്റ്റ്യന്‍ വെറ്റല്‍ 13 -മതാണ് ഫിനിഷ് ചെയ്തത്. ചാള്‍സ് ലെക്ലര്‍ക്ക് 14 -മതും.
റെനോയാണ് ഞായറാഴ്ച്ച ആരാധകരെ അത്ഭുതപ്പെടുത്തിയ മറ്റൊരു സംഘം. റെനോയ്ക്കായി ഡാനിയേല്‍ റിക്കാര്‍ഡോ നാലാം സ്ഥാനം അനായാസം കയ്യടക്കി. അവസാന ടൂറില്‍ അതിവേഗം ലാപ് പൂര്‍ത്തിയാക്കി ബോണസ് പോയിന്റും ഓസ്‌ട്രേലിയക്കാരനായ റിക്കോര്‍ഡോ നേടിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സഹതാരം എസ്റ്റബാന്‍ ഓക്കണ്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഉദ്വേഗഭരിതമായ അവസാന ലാപ്പില്‍ റെഡ് ബുള്ളിന്റെ അലക്‌സ് ആല്‍ബണിനെ പിന്നിലാക്കിയാണ് ഓക്കണ്‍ അഞ്ചാം സ്ഥാനം പിടിച്ചുവാങ്ങിയത്. ഇതോടെ നടക്കാനിരിക്കുന്ന മൂന്നാമത് കണ്‍സ്ട്രക്ടേഴ്‌സ് ചാംപ്യന്‍ഷിപ്പില്‍ മക്ലാരന്‍ റേസിങ് പോയിന്റ്, ഫെരാരി എന്നിവര്‍ക്കൊപ്പം റെനോയും മത്സരിക്കും. ബെല്‍ജിയന്‍ ജിപിയുടെ ആദ്യ പത്ത് ഫലങ്ങള്‍ ചുവടെ കാണാം.
1. ലൂയിസ് ഹാമില്‍ട്ടണ്‍, മെര്‍സിഡീസ്
2. വാല്‍ട്ടേരി ബോട്ടാസ്, മെര്‍സിഡീസ്
3. മാക്‌സ് വെര്‍സ്റ്റാപ്പന്‍, റെഡ് ബുള്‍
4. ഡാനിയേല്‍ റിക്കാര്‍ഡോ, റെനോ
5. എസ്റ്റബന്‍ ഓക്കണ്‍, റെനോ
6. അലക്‌സാണ്ടര്‍ ആല്‍ബണ്‍, റെഡ് ബുള്‍
7. ലാന്‍ഡോ നോറിസ്, മക്ലാരന്‍
8. പിയറി ഗാസ്ലി, ആല്‍ഫാടൂറി
9. ലാന്‍സ് സ്‌ട്രോള്‍, റേസിങ് പോയിന്റ്
10. സെര്‍ജിയോ പെരേസ്, റേസിങ് പോയിന്റ്