നല്ലകാലം ചിലപ്പോള്‍ കൂടെക്കളിക്കുന്നവന്റെ പരിക്കിന്റെ രൂപത്തിലും വരാം. ക്രിക്കറ്റിലാകുമ്പോള്‍ പ്രത്യേകിച്ചും. മലയാളി ഫാസ്റ്റ് ബൗളര്‍ ശ്രീശാന്ത് ശരിക്കും അനുഭവിച്ചിട്ടുള്ളതാണ് ഈ ഭാഗ്യം. നെഹ്‌റയ്ക്ക് പറ്റിയ പരിക്കിനെ തുടര്‍ന്നാണ് ശ്രീ 2011 ലോകകപ്പ് ടീമില്‍ കയറിക്കൂടിയത്. ആദ്യ കളിയില്‍ ഫ്‌ലോപ്പ്. അതോടെ ബഞ്ചിലായി സ്ഥാനം. ഫൈനലിന്റെ തലേന്ന് പ്രവീണ്‍ കുമാറിന് പരിക്ക്. ശ്രീ ടീമില്‍. ബൗളിംഗ് വീണ്ടും പിഴച്ചെങ്കിലും ലോകകപ്പ് നേടിയ ചരിത്ര ഫൈനല്‍ കളിക്കാന്‍ ശ്രീശാന്തിന് സാധിച്ചു.

ടീമിലെ ഏക സ്‌പെഷലിസ്റ്റ് വൃദ്ധിമാന്‍ സാഹയ്ക്ക് പരിക്ക് എന്ന വാര്‍ത്തയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ഇന്ത്യന്‍ ടീമിലേക്ക് പ്രതീക്ഷ നല്‍കുന്നത്. ക്യാപ്റ്റന്‍ ധോണിക്ക് പകരക്കാരനായാണ് സാഹ ടീമിലെത്തിയത്. ധോണി വിശ്രമിക്കുമ്പോള്‍ സ്വാഭാവികമായും സഞ്ജു ടീമിലെത്തും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ എങ്ങുനിന്നോ വന്ന സാഹ സഞ്ജുവിന്റെ പ്രതീക്ഷ തെറ്റിച്ചു.

ദുലീപ് ട്രോഫി ക്രിക്കറ്റിന്റെ സെമി ഫൈനലിനിടെയാണ് വൃദ്ധിമാന്‍ സാഹയ്ക്ക് പരിക്കേറ്റത്. വിരലിന് പരിക്കേറ്റ സാഹ രണ്ടാമിന്നിംഗ്‌സില്‍ ബാറ്റ് ചെയ്യാനും എത്തിയില്ല. ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പായി സാഹയോട് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സാഹയുടെ സര്‍ട്ടിഫിക്കറ്റ് കണ്ട ശേഷം വേണം സെലക്ടര്‍മാര്‍ക്ക് പകരക്കാരന്‍ കീപ്പറുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍.

30 കാരന്‍ സാഹയ്ക്ക് കളിക്കാനാകില്ല എന്ന് വന്നാല്‍ പിന്നെ സഞ്ജു സാംസനാണ് കീപ്പര്‍ സ്ഥാനത്തേക്കുള്ള സ്വാഭാവിക ചോയ്‌സ്. ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമിലെ റിസര്‍വ് കീപ്പറായിരുന്നു സഞ്ജു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 മത്സരത്തിനും ടീമില്‍ തിരഞ്ഞെടുക്കപ്പെട്ടു. ലോകകപ്പിന് മുമ്പേ ഒരു സമ്പൂര്‍ണ പരമ്പരയില്‍ കീപ്പറാകാന്‍ പറ്റിയാല്‍ ലോകകപ്പിനുള്ള സാധ്യത വരെ സഞ്ജുവിന് മുന്നില്‍ തെളിയുന്നുണ്ട്. ക്യാപ്റ്റന്‍ ധോണി മാത്രമാണ് ടീമില്‍ സ്ഥാനം ഉറപ്പുള്ള ഒരേ ഒരു കീപ്പര്‍.
