നുര്‍ സുല്‍ത്താന്‍: കസാഖ്സ്താനില്‍ ആരംഭിച്ച ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി ഇന്ത്യന്‍ വനിതാ താരം വിനേഷ് ഫോഗട്ട്. 53 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഗ്രീസിന്റെ മരിയ പ്രിവോലറാക്കിയെയാണ് വിനേഷ് തോല്‍പ്പിച്ചത്. ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ നേരത്തെ തോല്‍വി പിണഞ്ഞെങ്കിലും റെപ്പഷാഗെയിലൂടെ വെങ്കലമെഡലിനായി മത്സരിക്കാനിറങ്ങുകയായിരുന്നു.
കിട്ടിയ അവസരം ശരിയായി വിനിയോഗിച്ച ഇന്ത്യന്‍താരം വെങ്കലത്തിനായുള്ള ആദ്യ റൗണ്ടില്‍ യുക്രൈനിന്റെ യുലിയയെ 5-0ത്തിന് പരാജയപ്പെടുത്തി. രണ്ടാം റൗണ്ടില്‍ ലോക ഒന്നാം നമ്പറായ അമേരിക്കയുടെ സാറ ആന്‍ ഹില്ഡര്ബ്രാന്ഡിനെയാണ് വിനേഷ് മലര്‍ത്തിയടിച്ചത്. ഇതോടെ ടോക്യോ ഒളിമ്പിക്സിനുള്ള യോഗ്യതയും താരം സ്വന്തമാക്കി. ഫൈനല്‍ മത്സരത്തില്‍ രണ്ട് തവണ ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലം നേടിയ മരിയയേയും കീഴ്പ്പെടുത്തിയതോടെ വിനേഷ് ചരിത്രനേട്ടത്തിലുമെത്തി.
കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയിട്ടുള്ള വിനേഷിന്റെ കരിയറിലെ മറ്റൊരു പൊന്‍തൂവലായി ലോക ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍. ഒളിമ്പിക് ക്വാട്ട ഉറപ്പിച്ചതോടെ ഇനി ഇതിനായുള്ള പരിശീലനം ആരംഭിക്കാനും താരത്തിന് കഴിയും. ഇന്ത്യയില്‍ നിന്നും ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ വനിതാ ഗുസ്തി താരമാണ് വിനേഷ്.
ഏഴു കോടിയുടെ ചോദ്യം ക്രിക്കറ്റില്‍ നിന്ന്, സച്ചിന് പോലും കിട്ടില്ലെന്ന് ആരാധകര്‍
ഇന്നു നടന്ന മറ്റൊരു മത്സരത്തില്‍ 50 കിലോ വിഭാഗത്തില്‍ ഇന്ത്യന്‍ താരം സീമാ ബിസ്ല റഷ്യയുടെ എക്കാറിന പോള്ഷുക്കിനോട് പരാജയപ്പെട്ടു. ഇതോടെ അടുത്തവര്‍ഷത്തെ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യതയും താരത്തിന് നഷ്ടമായി. 3-11 എന്ന സ്കോറിനാണ് സീമയുടെ തോല്‍വി. 57 കിലോ, 76 കിലോ വിഭാഗത്തില്‍ വെങ്കല മെഡലിനായി പോരാടിയ സരിത മോര്, കിരണ്‍ ബിഷ്നോയി എന്നിവരും തോല്‍വിയേറ്റുവാങ്ങി.