റിയോ: ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന 31ാമത് ഒളിംപിക്സില്‍ ആദ്യ സ്വര്‍ണം നടിയത് അമേരിക്കയുടെ വിര്‍ജീനിയ ത്രാഷര്‍. വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് വിര്‍ജീനിയയുടെ സ്വര്‍ണം. ഈ ഇനത്തില്‍ വെള്ളിയും വെങ്കലവും യഥാക്രമം ചൈനയുടെ ഡു ലി, യി സിലിങ് എന്നിവര്‍ സ്വന്തമാക്കി. നിലവിലെ സ്വര്‍ണ മെഡല്‍ ജേത്രിയായ യി സിലിങ്ങിന് ഇവിടെ മൂന്നാംസ്ഥാനത്തെത്താനെ കഴിഞ്ഞുള്ളൂ.
മത്സരത്തിലെ അവസാന ഷോട്ടാണ് വിജയിയെ നിശ്ചയിച്ചത്. അവസാന ഷോട്ടിന് മുമ്പ് വിര്‍ജീനിയയും ഡു ലിയും തമ്മില്‍ നേരിയ വ്യത്യാസമാണുണ്ടായിരുന്നത്. എന്നാല്‍ അവസാന ഷോട്ട് 10.4ലിലേക്ക് ഷൂട്ട് ചെയ്ത വിര്‍ജീനിയ മെഡല്‍ സ്വന്തമാക്കുകയായിരുന്നു.
ഒളിംപിക് റെക്കോഡോടെ ഫൈനലിലെത്തിയ ഡു ലിയ്ക്ക് നിര്‍ണായക സമയത്ത് ലക്ഷ്യം തെറ്റിയതോടെ അമേരിക്ക സ്വര്‍ണ മെഡല്‍ നേട്ടത്തോടെ കുതിപ്പ് തുടങ്ങി. വിര്‍ജീനിയ 208 പോയിന്റും ഡു ലി 207 പോയിന്റുമാണ് ആകെ നേടിയത്. 19കാരിയായ വിര്‍ജീനിയയുടെ ഒളിംപിക്സിലെ ആദ്യ സ്വര്‍ണ മെഡലാണിത്.