ദില്ലി: കായികരംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന ലോറസ് വേള്‍ഡ് സ്പോര്‍ട്സ് അവാര്‍ഡിന് ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ നാമനിര്‍ദ്ദേശം ചെയ്തു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരത്തിന് ലോറസ് അവാര്‍ഡ് നാമനിര്‍ദ്ദേശം ലഭിക്കുന്നത്. കായിക രംഗത്ത് വമ്പന്‍ തിരിച്ചുവരവ് നടത്തിയവര്‍ക്കുള്ള 'ലോറസ് വേള്‍ഡ് കം ബാക്ക് ഓഫ് ദ് ഇയര്‍' കാറ്റഗറിയിലാണ് ഇന്ത്യന്‍ താരത്തിന് നാമനിര്‍ദ്ദേശം.
2016 ഒളിമ്പിക്സിനിടെ പരിക്കേറ്റ താരം പിന്നീട് മികച്ച തിരിച്ചുവരവാണ് നടത്തിയത്. കഴിഞ്ഞവര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ്, ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസുകളില്‍ അമ്പത് കിലോ ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ വിനേഷ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടി. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം കൂടിയാണ് ഫോഗട്ട്.
വിഖ്യാത ഗോള്‍ഫ് താരം ടൈഗര്‍ വുഡ്സ്, വിന്റര്‍ ഒളിമ്പിക്സ് അത്ലറ്റ് ജപ്പാന്റെ യുസുരു ഹന്യു, കനേഡിയന്‍ സ്നോബോര്‍ഡര്‍ മാര്‍ക്ക് മക്മോറിസ്, ബ്രിട്ടീഷ് സ്കൈ റേസര്‍ ലിന്‍ഡ്സെ വോണ്‍, ഡച്ച് പാരാലിമ്പിക് ചാമ്പ്യന്‍ ബിബിയാന് മെന്റെല്‍ സ്പീ എന്നിവര്‍ ഇതേ കാറ്റഗറിയില്‍ ഇടംപിടിച്ചിട്ടുണ്ട്. 2004ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമും പാക്കിസ്ഥാന് ടീമും സംയുക്തമായി ലോറസ് സ്പോര്‍ട്സ് അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. രാഷ്ട്രീയ വൈരം മറന്ന് ക്രിക്കറ്റ് കളിച്ചതിനായിരുന്നു അവാര്‍ഡ്.