മെല്‍ബണ്‍: ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ തനിസ്വരൂപം പുറത്തെടുത്ത കളിയില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് തകര്‍പ്പന്‍ ജയം. അവസാന ഓവറുകളില്‍ ഒരു പന്തിന് ഒരു റണ്‍സ് എന്ന നിലയില്‍ ഇന്ത്യ പിടിമുറുക്കുമ്പോഴാണ് അശ്വിനെതിരെ സിക്‌സും ഫോറും അടിച്ച് മാക്‌സി കളി തിരിച്ചത്.
ഇന്ത്യ ഉയര്‍ത്തിയ 268 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയയ്ക്ക് 96 റണ്‍സോടെ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചാണ് വിജയം ഒരുക്കിയത്. സ്മിത്ത് 47, വാട്‌സന്‍ 41 എന്നിവരും തങ്ങളുടേതായ സംഭാവന നല്‍കി. വാര്‍ണര്‍ 24 ഉം ബെയ്‌ലി 5 ഉം റണ്‍സെടുത്ത് പുറത്തായി. ഇന്ത്യയ്ക്ക് വേണ്ടി ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഇന്ത്യ രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെ മികവിലാണ് 267ലെത്തിയത്. 139 പന്തില്‍ രോഹിത് 9 ഫോറും 4 സിക്‌സും പറത്തിയാണ് രോഹിത് തന്റെ ആറാം സെഞ്ചുറിയിലെത്തിയത്. രോഹിത് ശര്‍മയും സുരേഷ് റെയ്‌നയും ഒഴികെ മറ്റുള്ളവര്‍ക്കാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. റെയ്‌ന 51 റണ്‍സെടുത്തു.
ശിഖര്‍ ധവാന്‍ (2), വിരാട് കോലി (9), രഹാനെ (12), ധോണി (19), അക്ഷര്‍ പട്ടേല്‍ (0), അശ്വിന്‍ (14), കുമാര്‍ (0), ഷാമി (2) എന്നിങ്ങനെയാണ് ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍. 6 വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബൗളര്‍. ഓസ്്‌ട്രേലിയയ്ക്ക് വേണ്ടി ഇന്ത്യന്‍ വംശജനായ ഫാസ്റ്റ് ബൗളര്‍ സന്ധു അരങ്ങേറി. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഓസ്‌ട്രേലിയ 3 വിക്കറ്റിന് തോല്‍പിച്ചിരുന്നു.