ദില്ലി: പ്രമുഖ ഗുസ്തി താരം സുശീല്‍ കുമാര്‍ ഒളിമ്പക്സില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്കി. 74 കിലോഗ്രാം വിഭാത്തില്‍ ഒരു ഗുസ്തി താരത്തെ മാത്രമേ ഒളിമ്പിക്സില്‍ പങ്കെടുപ്പിക്കൂ. ഈ ക്വാട്ടയിലേക്ക് നര്‍സിംഗ് പഞ്ചം യാദവിനെ തെരഞ്ഞെടുത്തതിനാല്‍ സുശീല്‍ കുമാറിന് അവസരം നല്കാന് കഴിയില്ലെന്നാണ് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ വാദം.
എന്നാല്‍, താനാണ് മികച്ചവനെന്നും ഇതിനായി ഇന്ത്യയില്‍ ട്രയല്‍സ് നടത്തണമെന്നുമാണ് സുശീല്‍ കുമാര്‍ ആവശ്യപ്പെടുന്നത്. വ്യാഴാഴ്ച സുശീല്‍ കുമാറിന്റെ ഹര്‍ജി കോടതി പരിഗണിക്കും. മറ്റൊരു മാര്‍ഗവും ഇല്ലാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്ന് സുശീല്‍ കുമാറുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.
റിയോ ഒളിമ്പിക്സിനുള്ള സംഘത്തിന്റെ പരിശീലന ക്യാമ്പില്‍ നിന്നും സുശീല്‍ കുമാര്‍ ഒഴിവാക്കപ്പെട്ടതോടെയാണ് അദ്ദേഹം കോടതിയെ സമീപിച്ചിരിക്കുന്നത്. കേന്ദ്ര സ്പോര്‍ട്സ് മന്ത്രി സര്‍ബാനന്ദയും സുശീല്‍ കുമാറിന്റെ ആവശ്യത്തില്‍ കാര്യമായി പരിഗണന നല്‍കിയിട്ടില്ല. തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്സുകളില്‍ ഇന്ത്യയ്ക്കു വേണ്ടി മെഡല്‍ നേടിയ താരമാണ് സുശീല്‍ കുമാര്‍.
നേരത്തെ 66 കിലോഗ്രാം വിഭാഗത്തിലാണ് സുശീല്‍ കുമാര്‍ മത്സരിച്ചിരുന്നത്. ഇത്തവണ അത് 74 കിലോഗ്രാം വിഭാഗത്തിലേക്ക് മാറുകയായിരുന്നു. സുശീല്‍ കുമാര്‍ 74 കിലോഗ്രാം വിഭാഗത്തിലാണ് മികച്ചവനെന്നും വര്‍ഷങ്ങളായി 74 കിലോഗ്രാം വിഭാഗത്തില്‍ താനാണ് മികച്ച പ്രകടനം കാഴ്ചവെക്കുന്നതെന്നുമാണ് നര്‍സിംഗ് യാദവ് പറയുന്നത്.