കണ്ണൂര്‍: 63 -മത് സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പാലക്കാടിന് കിരീടം. മേളയുടെ അവസാന ദിനം 201.33 പോയിന്റുമായാണ് പാലക്കാട് ഒന്നാമതെത്തിയത്. 157.33 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനം കൈയ്യടക്കി. 123.33 പോയിന്റുണ്ട് മൂന്നാമതെത്തിയ കോഴിക്കോടിന്. 2016 -ന് ശേഷം ഇതാദ്യമായാണ് പാലക്കാട് ജില്ല കിരീടം നേടുന്നത്. 18 സ്വര്‍ണവും 22 വെള്ളിയും 16 വെങ്കലവും പാലക്കാട് സ്വന്തം പേരിലാക്കി.
സംസ്ഥാന കായികമേളയില്‍ 21 സ്വര്‍ണ മെഡലുകള്‍ എറണാകുളം ജയിച്ചെങ്കിലും വെള്ളി, വെങ്കല നേട്ടങ്ങില് പിന്നില്‍പ്പോയി. 14 വെള്ളിയും 10 വെങ്കലുമാണ് എറണാകുളം നേടിയത്. മൂന്നാം സ്ഥാനക്കാരായ കോഴിക്കോടിന് 12 സ്വര്ണമുണ്ട്്. സ്കൂള്‍ തലത്തില്‍ കോതമംഗലം മാര്‍ ബേസിലാണ് ഓവറോള്‍ ചാമ്പ്യന്മാര്. 62.33 പോയിന്റുണ്ട് മാര്‍ ബേസിലിന്. എട്ടു സ്വര്‍ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവും കായികമേളയില്‍ മാര്‍ ബേസില്‍ സ്വന്തമാക്കി.
അവസാന ദിനം ഇഞ്ചോടിഞ്ചായിരുന്നു മാര്‍ ബേസിലും കല്ലടി സ്കൂള്‍ തമ്മിലെ പോരാട്ടം. എന്നാല്‍ മത്സരങ്ങള്‍ക്ക് തിരശ്ശീല വീണപ്പോള്‍ 58.33 പോയിന്റുമായി കല്ലടി സ്കൂള്‍ രണ്ടാമതെത്തി. നാലു സ്വര്‍ണവും 11 വെള്ളിയും ഏഴു വെങ്കലവും കല്ലടി സ്കൂളിന്റെ നേട്ടങ്ങളില്‍പ്പെടും. 32.33 പോയിന്റ് നേടിയ സെന്റ് ജോസഫ്സ് എച്ച് എസ് പുല്ലൂരാംപാറയാണ് മൂന്നാമത്.
ജില്ലാ തലത്തില്‍ പോയിന്റുകള്‍:
ജില്ല | പോയിന്റ് |
---|---|
പാലക്കാട് | 201.33 |
എറണാകുളം | 157.33 |
കോഴിക്കോട് | 123.33 |
തിരുവനന്തപുരം | 104.5 |
തൃശ്ശൂർ | 91 |
കോട്ടയം | 87.5 |
കണ്ണൂർ | 52 |
മലപ്പുറം | 40 |
വയനാട് | 24 |
കൊല്ലം | 22 |
ആലപ്പുഴ | 18 |
കാസറഗോഡ് | 17 |
പത്തനംതിട്ട | 15 |
ഇടുക്കി | 1 |