മുംബൈ: സഹാറ ഗ്രൂപ്പിനെ കൈവിട്ട ഇന്ത്യന്‍ ടീമിന് ഇനി പുതിയ സ്‌പോണ്‍സര്‍മാര്‍. കളിക്കളത്തിലെ സമീപ പ്രകടനങ്ങള്‍ അത്ര സ്റ്റാറല്ലെങ്കിലും സ്റ്റാറിനെ സ്‌പോണ്‍സര്‍ സ്ഥാനത്ത് നിര്‍ത്തിയാകും നീലപ്പട ഇനി ഗ്രൗണ്ടിലിറങ്ങുക. 2014 ജനുവരി ഒന്ന് മുതല്‍ 2017 മാര്‍ച്ച് 31 വരെയാണ് സ്റ്റാര്‍ ഗ്രൂപ്പുമായി ബി സി സി ഐ കരാര്‍ ഒപ്പിട്ടത്.
ലേലത്തില്‍ സഹാറയെ തോല്‍പ്പിച്ചാണ് സ്റ്റാര്‍ ഗ്രൂപ്പ് ടീം ഇന്ത്യയുടെ ഒഫീഷ്യല്‍ ടീം സ്‌പോണ്‍സറായത്. ഇന്ത്യന്‍ സീനിയര്‍ ടീം, ഇണ്ടര്‍ 19 മെന്‍സ് ടീം, എ ടീം, വനിതാ ടീം തുടങ്ങിയവയുടെ ടീ ഷര്‍ട്ടില്‍ ഇനി സ്റ്റാറിന്റെ ലോഗോയായിരിക്കും പതിക്കുക. ബി സി സി ഐയുടെ മാര്‍ക്കറ്റിംഗ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.

ബി സി സി ഐ സംഘടിപ്പിക്കുന്ന മത്സരങ്ങള്‍, ഐ സി സി, എ സി സി ഈവന്റ്‌സ് തുടങ്ങിയവയുടെ കവറേജും ഇനി സ്റ്റാര്‍ ഗ്രൂപ്പിനാണ്. എന്നാല്‍ സ്‌പോണ്‍സര്‍ മാറിയത് കൊണ്ട് ബി സി സിഐയ്ക്ക് വലിയ സാമ്പത്തിക മെച്ചമൊന്നും ഉണ്ടാകില്ല. 1.5 കോടി രൂപയാണ് ഓരോ മത്സരത്തിനും സ്റ്റാര്‍ ഗ്രൂപ്പ് ബി സി സി ഐക്ക് നല്‍കുക. 2010 ജൂലൈ ഒന്ന് മുതല്‍ സഹാറ ഗ്രൂപ്പ് നല്‍കിയിരുന്ന തുകയാകട്ടെ 3.34 കോടി രൂപയാണ്.
നവംബര്‍ മുതല്‍ ആരംഭിച്ച ലേലപ്രകാരം ഏഴ് കമ്പനികളാണ് ടീം ഇന്ത്യയുടെ സ്‌പോണ്‍സര്‍ഷിപ്പിനായി രംഗത്തുണ്ടായിരുന്നത്. ഇതില്‍ സഹാറ ഗ്രൂപ്പും സ്റ്റാര്‍ ഗ്രൂപ്പുമായിരുന്നു മുന്നില്‍. നേരത്തെ ബി സി സി ഐയുടെ ടൈറ്റില്‍ സ്‌പോണ്‍സറായി പ്രവര്‍ത്തിച്ചിട്ടുള്ള സ്റ്റാര്‍ ഗ്രൂപ്പിനാണ് ലേലത്തില്‍ നറുക്ക് വീണത്. സാമ്പത്തികമായ പ്രശ്‌നങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ ബി സി സിയുമായി ഉടക്കിയ സഹാറ തങ്ങളുടെ ഐ പി എല്‍ ടീമായ പുനെ വാറിയേഴ്‌സിനെ പിന്‍വലിച്ചിരുന്നു.