For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിജയത്തിന്റെ പീഠഭൂമിയില്‍ ഡക്കാന്‍

By Staff

ജൊഹന്നാസ്‌ബര്‍ഗ്‌: പരാജയങ്ങളുടെ പടുകുഴിയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ്‌ ഇരുണ്ട വന്‍കരയെ വിജയപീഠഭൂമിയാക്കി മാറ്റി ഡക്കാന്‍ ചരിത്രം സൃഷ്ടിച്ചു. ന്യൂവാന്‍ഡറേഴ്‌സ്‌ സ്റ്റേഡിയെത്തെ വണ്ടറിടിപ്പച്ച കിടിലന്‍ ഫൈനലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ ആറു റണ്‍സിന്‌ കീഴ്‌പ്പെടുത്തിയാണ്‌ ഗില്ലിയും കൂട്ടരും കിരീടമുയര്‍ത്തിയത്‌. സ്‌കോര്‍ ഡക്കാന്‍ 20 ഓവറില്‍ ആറിന്‌ 143. ബാംഗ്ലൂര്‍ 20 ഓവറില്‍ ഒന്‍പതിന്‌ 137.

ഐപിഎല്ലിലെ അവസാന ഓവര്‍ ബാക്കി നിലക്കുമ്പോള്‍ ബാംഗ്ലൂരിനും വിജയത്തിനും ഇടയ്‌ക്കുള്ള അകലം 15 റണ്‍സ്‌ മാത്രമായിരുന്നു. ആദ്യ പന്തില്‍ ചലഞ്ചേഴ്‌സ്‌ ക്യാപ്‌റ്റന്‍ കുംബ്ലെയുടെ സിംഗിള്‍. അടുത്ത പന്ത്‌ നേരിട്ടത്‌ ഉത്തപ്പ. രണ്ടും മൂന്നും ബോളുകള്‍ പാഴായി. ഇനി ജയിക്കണമെങ്കില്‍ 14 റണ്‍സ്‌. നാലാം പന്തില്‍ രണ്ടു റണ്‍സ്‌. വിജയം കൈപ്പിടിയിലൊതുക്കണമെങ്കില്‍ അവസാന രണ്ടു പന്തുകളില്‍ സിക്‌സര്‍ അനിവാര്യം. അഞ്ചാം പന്ത്‌ ബൗണ്ടറിയിലേക്ക്‌ പാഞ്ഞെങ്കിലും ഡക്കാന്‍ ക്യാമ്പില്‍ വിജയാഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.

നാലോവറില്‍ 16 റണ്‍സ്‌ മാത്രം വിട്ടുകൊടുത്ത്‌ 4 വിക്കറ്റ്‌ പിഴുത്‌ ക്യാപ്‌റ്റന്‍ കുംബ്ലെയുടെ മികവില്‍ ഡക്കാന്‍ ചാര്‍ജ്ജേഴ്‌സിനെ 143 റണ്‍സിലൊതുക്കിയെങ്കിലും ചലഞ്ചേഴ്‌സിന്റെ കൊടി കെട്ടിയ ബാറ്റിങ്‌ നിര അമ്പേ പരാജയപ്പെട്ടു.

ടോസ്‌ നഷ്ടപ്പെട്ട്‌ ബാറ്റിങ്ങിനിറങ്ങിയ ചാര്‍ജ്ജേഴ്‌സിന്‌ തുടക്കത്തില്‍ തന്നെ ഷോക്കേറ്റു. കുംബ്ലെയുടെ ഗൂഗ്ലിയില്‍ ഡക്കാന്‍ നായകന്‍ ഗില്‍ക്രിസ്‌റ്റ്‌ പുറത്ത്‌. മൂന്നാമത്തെ ഓവറില്‍ സുമനും പുറത്തായതോടെ ഡക്കാന്‍ ബാക്ക്‌ ഫൂട്ടിലേക്ക മാറി. റണ്ണൊഴുകേണ്ട ആദ്യ അഞ്ച്‌ ഓവറില്‍ ഡക്കാന്റെ സമ്പാദ്യം വെറും 23 റണ്‍സായിരുന്നു. തുടര്‍ന്നെത്തിയ സിമണ്ട്‌സ്‌ ഗിബ്‌സിനൊപ്പം ചേര്‍ന്ന്‌ ടീമിനെ മുന്നോട്ട്‌ നയിച്ചു. ഇതിനിടെ സ്‌കോര്‍ അഞ്ചില്‍ നില്‌ക്കെ ദ്രാവിഡ്‌ സിമണ്ട്‌സിനെ വിട്ടുകളഞ്ഞതും ചലഞ്ചേഴ്‌സിന്‌ തിരിച്ചടിയായി. ജീവന്‍ തിരിച്ചു കിട്ടിയ സിമണ്ട്‌സ്‌ 21 പന്തില്‍ നാല്‌ ഫോറിന്റെയും ഒരു സിക്‌സറിന്റെ അകമ്പടിയോടെ 33 റണ്‍സെടുത്തു. ഒമ്പതാം ഓവറില്‍ കുംബ്ലെ വീണ്ടുമെത്തിയാണ്‌ സിമണ്ട്‌സിനെ പുറത്താക്കിയത്‌.

സിമണ്ട്‌സ്‌ പോയതോടെ രോഹിതും ഗിബ്‌സും ചേര്‍ന്ന്‌ മെല്ലെ സ്‌കോര്‍ ഉയര്‍ത്തി. അപകടകാരിയാകുന്നതിന്‌ മുമ്പേ 17 ഓവറില്‍ കുംബ്ലെ രോഹിതിനെ പുറത്താക്കി. 21 പന്തില്‍ 24 റണ്‍സായിരുന്നു രോഹിതിന്റെ സംഭാവന. ഡക്കാന്‍ നിരയില്‍ പിന്നീടുള്ളവര്‍ക്കൊന്നും കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇന്നിങ്‌സ്‌ തീരുമ്പോള്‍ ഗിബ്‌സ്‌ 48 പന്തില്‍ 53 റണ്ണുമായി പുറത്താകാതെ നിന്നു. ഒരറ്റത്ത്‌ വിക്കറ്റുകള്‍ കൊഴിയുമ്പോഴും ഉറച്ചു നിന്ന്‌ ഗിബ്‌സ്‌ തന്നെയാണ്‌ ഡക്കാനെ 143 എന്ന പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്‌.

മറുപടി ബാറ്റിനിറങ്ങിയ റോയല്‍സിനെ തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. എന്നാല്‍ വാന്‍ഡര്‍ മെര്‍വിന്റെ (32) വെടിക്കെട്ടും റോസ്‌ ടെയ്‌ലറും വിജത്തിന്റെ വക്കില്‍ വരെയെത്തിച്ചു. എന്നാല്‍ ഡക്കാന്റെ കൃത്യതയുള്ള ഫീല്‍ഡിങും ബൗളിങും റോയല്‍സിന്‌ വിജയം നിഷേധിക്കുകയായിരുന്നു.

ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും ആദ്യ സീസണിലെ ഏഴാം സ്ഥാനക്കാരെന്ന നാണക്കേടുമായി ദക്ഷിണാഫ്രിക്കയിലെത്തിയ കുംബ്ലെയും സംഘവും തലയുര്‍ത്തിപ്പിടിച്ച്‌ തന്നെയാണ്‌ മടങ്ങുന്നത്‌.

Story first published: Wednesday, December 7, 2011, 14:26 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+