ടാലിന്‍: എസ്‌തോണിയയില്‍ നടക്കുന്ന ലോക സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി വിദ്യാര്‍ത്ഥി ബിനീഷ് കെ.ഷാജിക്ക് വെള്ളിമെഡല്‍. ആണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ടത്തിലാണ് ബിനീഷ് ഈ അതുല്യ നേട്ടം സ്വന്തമാക്കിയത്. കോതമംഗലം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറിയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ബിനീഷ്.
സംസ്ഥാന ദേശീയ സ്‌കൂള്‍ കായിക മേളകളില്‍ മെഡല്‍ ജേതാവാണ്. കൊച്ചിയില്‍ നടന്ന ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിലെ 100 മീറ്റര്‍ ഓട്ടത്തിലും 200 മീറ്റര്‍ ഓട്ടത്തിലും സ്വര്‍ണവും ലോംഗ്‌ജംപില്‍ വെള്ളിയും നേടിയിരുന്നു. ലോക മീറ്റില്‍ ലോംഗ്‌ജംപിലും ബിനീഷ് മത്സരിക്കുന്നുണ്ട്.
കോതമംഗലം സ്വദേശി കാഞ്ഞിരിക്കാട്ട് പഴരികണ്ടത്തില്‍ പികെ ഷാജിയുടെയും ബീന ഷാജിയുടെയും മകനാണ്. രാജുപോളാണ് പരിശീലകന്‍.
എസ്‌തോണിയന്‍ തലസ്ഥാനമായ ടാലിനില്‍ 25 മുതല്‍ നടക്കുന്ന ലോക സ്‌കൂള്‍ കായിക മേളയില്‍ എട്ട് ആണ്‍കുട്ടികളും ആറ് പെണ്‍കുട്ടികളും അടക്കം 14 അത്‌ലറ്റുകളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മീറ്റില്‍ പങ്കെടുക്കുന്നത്. ഇതില്‍ അഞ്ചുപേരും മലയാളികളാണ്. ബിനീഷിന് പുറമേ, പിഎസ് നിഖില്‍, ലുക്‌മല്‍ ഹക്കീം, ശ്രീഷാമ രാജന്‍, ജൂബി പൈലി എന്നിവരാണ് കേരളത്തെ പ്രതിനിധീകരിയ്ക്കുന്നത്.