ലണ്ടന്‍: കീരിടം തിരിച്ചേല്‌പിച്ച് ധോണിയ്‌ക്കും കൂട്ടര്‍ക്കും മടങ്ങാം. ആത്മവിശ്വാസത്തിന്റെ കൊടുമുടിയില്‍ നിന്നും പരാജയത്തിന്റെ പടുകുഴിയിലേക്ക് ടീം ഇന്ത്യ വീണപ്പോള്‍ ഒപ്പം പൊലിഞ്ഞത് നൂറു കോടി ജനങ്ങളുടെ പ്രതീക്ഷകള്‍.
രണ്ടാം ട്വന്റി20 ലോകകപ്പ് കിരീടം ആര്‍ക്കെന്ന ചോദ്യം ഇനി ഇന്ത്യയെ അലോസരപ്പെടുത്തില്ല. ക്രിക്കറ്റിന്റെ മെക്കയായ ലോഡ്‌സില്‍ ആയിരക്കണക്കിന് ആരാധകരെ സാക്ഷിനിര്‍ത്തി ധോണിയുടെ ടീം മൂന്ന് റണ്‍സിന്റെ പരാജയമാണ്. ഏറ്റുവാങ്ങിയത്. സൂപ്പര്‍ എട്ടിലെ രണ്ടാം തോല്‍വിയോടെ ട്വന്റി20 ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്തായപ്പോള്‍ ഇംഗ്ലണ്ടിന്റെ സെമി പ്രതീക്ഷകള്‍ക്ക് ആയുസ്സ് നീട്ടിക്കിട്ടി.
ചൊവ്വാഴ്‌ച ദക്ഷിണാഫ്രിയ്‌ക്കക്കെതിരെ നടക്കുന്ന മത്സരം ചാമ്പ്യന്‍മാര്‍ക്ക് നാണക്കേട് ഒഴിവാക്കാനുള്ള അവസാന അവസരം മാത്രം. ഇത് കഴിഞ്ഞാല്‍ ധോണിയ്‌ക്കും കൂട്ടര്‍ക്കും നാട്ടിലേക്ക് വണ്ടികയറാം.
ഇരുടീമുകള്‍ക്കും ജീവന്മരണപ്പോരാട്ടമായ സൂപ്പര്‍ എട്ടിലെ രണ്ടാം മത്സരത്തില്‍ ടോസ്സ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിംഗിനയയ്‌ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 153 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയുടെ മറുപടി മൂന്ന് റണ്‍സ് അകലെ അവസാനിച്ചു. ട്വന്റി20 മത്സരങ്ങളില്‍ താരതമ്യേന ചെറുതെന്ന് കരുതാവുന്ന സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യ ഒരുഘട്ടത്തിലും വിജയപ്രതീക്ഷ നല്‌കിയില്ല. പ്രഥമ ലോകകപ്പില്‍ ഇതേ സാഹചര്യത്തില്‍ ഇന്ത്യയോട് നാണം കെട്ട ഇംഗ്ലീഷ് ബൗളര്‍മാരുടെ മധുര പ്രതികാരത്തിനാണ് ലോഡ്‌സ് സാക്ഷ്യം വഹിച്ചത്.
ഏത് വിധേയനെയും ജയിക്കണമെന്ന വാശിയോടെ കളത്തിലിറങ്ങിയ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് മുന്നില്‍ കൈവിറച്ചാണ് ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‍മാര്‍ ക്രീസില്‍ നിന്നത്. ഫാസ്റ്റ് ബൗണ്‍സറുകളിലൂടെയും ഷോര്‍ട്ട് പിച്ച് പന്തുകളിലൂടെയും ഇന്ത്യന്‍ ബാറ്റിങ് നിരയെ വരിഞ്ഞു കെട്ടിയ കോളിങ്വുഡിനും സംഘത്തിനും ധോണിയുടെ മണ്ടന്‍ തീരുമാനങ്ങളും സഹായകമായി.
ഓപ്പണര്‍ രോഹിത് ശര്‍മ, പിന്നാലെ എത്തിയ സുരേഷ് റെയ്‌ന എന്നിവര്‍ പൂര്‍ണമായും പരാജയപ്പെട്ടപ്പോള്‍ സേവാഗിന്റെ വില എത്രയെന്ന് ധോണി ഓര്‍ത്തു കാണണം. ഇവര്‍ക്ക് ശേഷം ബൗണ്‍സറുകളെ ആവേശപൂര്‍വം അതിര്‍ത്തി കടത്താറുള്ള യുവരാജിനെ പിന്നിലേക്ക് വലിച്ച് കന്നി മത്സരം കളിയ്‌ക്കുന്ന രവീന്ദ്ര ജഡേജയെ നാലാം നമ്പറില്‍ ഇറക്കിയ ധോണിയുടെ തീരുമാനമാണ് കളിയില്‍ നിര്‍ണായകമായത്.
പവര്‍ പ്ലേ ഓവറുകളില്‍ പോലും റണ്‍സ് കണ്ടെത്താന്‍ കഴിയാതെ 35 പന്തുകള്‍ കളിച്ച ജഡേജ പാടുപെട്ട് നേടിയത് 25 റണ്‍സ്. എട്ട് പന്തുകള്‍ നേരിട്ട യുവി രണ്ട് സിക്‌സറുകള്‍ നേടി പ്രതീക്ഷ നല്‍കിയെങ്കിലും അണയാന്‍ പോകുന്ന തീ ആളിക്കത്തുന്നത് പോലെയായി അത് മാറി. ഫോസ്റ്ററുടെ തകര്‍പ്പനൊരു സ്റ്റംമ്പിങ് ഇന്ത്യന്‍ പ്രതീക്ഷകളെ ചാമ്പലാക്കി.
അവസാന ഓവറുകളില്‍ യൂസഫ് പഠാനാണ് ഇന്ത്യന്‍ സ്‌കോര്‍ ഇത്രയുമെങ്കിലും എത്തിച്ചത്. അവസാന ഓവറില്‍ ഇന്ത്യക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് 19 റണ്‍സ്. സൈഡ്‌ബോട്ടത്തിന്റെ യോര്‍ക്കറുകള്‍ക്കു മുന്നില്‍ ക്യാപ്‌റ്റന്‍ ബാറ്റു വെച്ചു കീഴടങ്ങിയതോടെ ഇന്ത്യയുടെ പതനം പൂര്‍ത്തിയായി.
കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ ഇര്‍ഫാന്‍ പത്താനെ പുറത്തിരുത്തിയതും മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങിയ ആര്‍ പി സിംഗിന് മുഴുവന്‍ ഓവറും നല്‍കാതിരുന്നതും മത്സരത്തില്‍ നിര്‍ണായകമായി. പരാജയം മൂന്ന് റണ്‍സിനാകുമ്പോള്‍ ഇന്ത്യ വരുത്തിയ ചെറിയ പിഴവുകള്‍ക്ക് പോലും വന്‍വില നല്‌കേണ്ടിവന്നുവെന്ന് സാരം.
27 പന്തില്‍ 47 റണ്‍സെടുത്ത കെവിന്‍ പീറ്റേഴ്‌സനാണ് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍. രവി ബൊപ്പാര 37 റണ്‍സെടുത്തു. ഇന്ത്യയ്‌ക്കുവേണ് ടി ഹര്‍ഭജന്‍സിംഗ് മൂന്നും രവീന്ദ്ര ജഡേജ രണ് ടും വിക്കറ്റ് വീഴ്‌ത്തി. ഇന്ത്യയ്‌ക്ക് വേണ് ടി ഗംഭീര്‍ 26 ഉം യൂസഫ് പത്താന്‍ 33 ഉം ധോണി 30 ഉം റണ്‍സെടുത്തു.
വിന്‍ഡീസിനോട് പരാജയപ്പെട്ട ടീം ഇലവനില്‍നിന്ന് രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയത്. ഇര്‍ഫാന്‍ പഠാനു പകരം ആര്‍പി സിങ്ങും പ്രഗ്യാന്‍ ഓജയ്‌ക്കു പകരം രവീന്ദ്ര ജഡേജയും ആദ്യ ഇലവനിലെത്തി. ഇര്‍ഫാന്‍ പഠാനു പകരക്കാരനായെത്തിയ ആര്‍പി സിങ്ങിന്റെ പന്തില്‍ യൂസഫ് പഠാനു ക്യാച്ച് നല്‍കി ഓപ്പണര്‍ റൈറ്റ് പുറത്തായെങ്കിലും ആ നേട്ടം നിലനിര്‍ത്താന്‍ പിന്നീടുള്ള ഓവറുകളില്‍ ഇന്ത്യക്കായില്ല.