ദെയ്ഗു: ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കായികമേളയായ ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പ് ദക്ഷിണകൊറിയയിലെ ദെയ്ഗുവില്‍ ശനിയാഴ്ച തുടക്കമാവും. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തോളം പേര് മേളയില്‍ പങ്കെടുക്കുന്നുണ്ട്.
അമേരിക്കയില്‍ നിന്നാണ് ഏറ്റവുമധികം അത്ലറ്റുകള് ചാംപ്യന്‍ഷിപ്പിനെത്തുന്നത്. 155 അംഗ ടീമിനെയാണ് അമേരിക്ക ട്രാക്കിലും ഫീല്‍ഡിലുമായി അണിനിരത്തുന്നത്. റഷ്യയില്‍ നിന്നു 83ഉം ബ്രിട്ടനില്‍ നിന്ന് 69ഉം അത്ലറ്റുകള് പങ്കെടുക്കുന്നുണ്ട്.
ചാംപ്യന്‍ഷിപ്പിലെ ഗ്ലാമര്‍ ഇനമായ 100മീറ്ററിന് ഇത്തവണ വീറും വാശിയും കുറയുമെന്നുറപ്പായി. ജമൈക്കയുടെ അസാഫ പവല്‍ കൂടി പങ്കെടുക്കാത്തതാണ് ഇനത്തിന്റെ നിറം കെടുത്തിയത്. ഇതോടെ ഉസൈന്‍ ബോള്‍ട്ടിന് കാര്യമായ എതിര്‍പ്പുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായി.
ലോകഅത്ലറ്റിസ്ക് ചാംപ്യന്‍ഷിപ്പിന് എട്ടംഗ ഇന്ത്യന്‍ ടീമാണ് പങ്കെടുക്കുന്നത്. വികാസ് ഗൗഡ(ഡിസ്കസ്), രഞ്ജിത് മഹേശ്വരി(ട്രിപ്പിള്‍ജംപ്), ഓം പ്രകാശ് സിങ്(ഷോട്ട്പുട്ട്), ഗുര്‍മീത്, ബാബുഭായ് പനൂച്ച(20 കിലോമീറ്റര്‍ നടത്തം), ടിന്റുലൂക്ക(800മീറ്റര്‍), മയൂഖ ജോണി(ലോങ് ജംപ്, ട്രിപ്പില്ജംപ്), ഹര്‍വന്ത് കൗര്‍ ഡിസ്കസ് എന്നിവരാണ് പങ്കെടുക്കുന്ന താരങ്ങള്‍.