പോര്‍ട്ട് എലിസബത്ത്: മാത്യു ഹെയ്‌ഡന്റെ വെടിക്കെട്ട് ബാറ്റിങിന്റെ പിന്‍ബലത്തില്‍ രണ്ടാം ഐപിഎല്ലില്‍ ചെന്നൈ കിങ്‌സിന് സൂപ്പര്‍ വിജയം.
എതിരാളികളായ ബാംഗ്ലൂര്‍ റോയല്‍ ചേഞ്ചേഴ്‌സിന് മേല്‍ 92 റണ്ണിന്റൈ ആധികാരിക വിജയമാണ് സൂപ്പര്‍ കിങ്‌സ് നേടിയത്. 35 പന്തുകളില്‍ 65 റണ്‍സ് വാരിക്കൂട്ടിയ ഹെയ്‌ഡന്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.
നാല് ഓവറില്‍ 11 റണ്‍സ് വീഴ്‌ത്തിയ മുരളീധരന്റെ മാസ്‌മരിക ബോളിങ് ചെന്നൈയുടെ വിജയം എളുപ്പമാക്കി. അദ്യ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ചെന്നൈയിലെ രാജാക്കന്മാര്‍ രണ്ടാം ഐപിഎല്ലിലെ ഇതുവരെയുള്ള ഏറ്റവും ആവേശകരമായ പ്രകടനമാണ് കാഴ്‌ചവെച്ചത്.
ടോസ് നേടിയ ചെന്നൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് സിക്‌സും 9 ഫോറുമടക്കം 35 പന്തില്‍ നിന്ന് 65 റണ്‍സ് നേടിയ ഹെയ്‌ഡന്റെ പ്രകടനമാണ് ചെന്നൈയെ മികച്ച സ്‌കോറിലെത്തിച്ചത്. 30 റണ്‍സെടുത്ത പാര്‍ത്ഥീവ് പട്ടേല്‍ മികച്ച പിന്തുണ നല്‌കി.
മറുപടി ബാറ്റിങിനിറങ്ങിയ ബാംഗ്ലൂരിന്റെ ബാറ്റ്‌സ്‌മാന്‍മാര്‍ ഒന്ന് പൊരുതാന്‍ പോലുമില്ലെന്ന മട്ടിലായിരുന്നു പവലിയനിലേക്ക് തിരികെ മാര്‍ച്ച് ചെയ്‌തത്. ആദ്യ ഓവറിലെ മൂന്നാമത്തെ പന്തില്‍ ഗോണിയാണ് ബാംഗ്ലൂരിന്‍റെ പ്രതീക്ഷകള്‍ക്കുതിരിച്ചടി നല്കിയത്. റണ്ണൊന്നുമെടുക്കാതെ പ്രവീണ്‍കുമാര്‍ ക്ലീന്‍ ബൗള്‍ഡായി.
ക്രീസില്‍ പിടിച്ചു നില്ക്കാന്‍ ശ്രമിച്ച ഉത്തപ്പയും ജാക് കാലിസും ചേര്‍ന്നു സ്കോര്‍ ബോര്‍ഡു ചലിപ്പിച്ചെങ്കിലും കല്ലിസിന്റെ പുറത്താകല്‍ ബാംഗ്ലൂരിനെ പ്രതിരോധത്തിലാക്കി. മോര്‍ക്കലിന്റെ പന്തിലാണ് 24 റണ്‍സെടുത്ത കാല്ലിസ് പുറത്തായത്. പിന്നീട് മുത്തയ്യ മുരളീധരന്റെ ഊഴമായിരുന്നു. കെവിന്‍ പീറ്റേഴ്സന്‍റേതടക്കം മൂന്നു വിക്കറ്റ് മുരളി സ്വന്തമാക്കിയതോടെ ബാംഗ്ലൂര്‍ നാണം കെട്ട പരാജയം ഏറ്റുവാങ്ങി.