
ചൊവ്വാഴ്ച നടന്ന മല്‍സരങ്ങളില്‍ ഉറുഗ്വായ് മടക്കമില്ലാത്ത ഒരു ഗോളിന് മെക്‌സികോയെ തോല്‍പിച്ച് ഏഴുപോയന്റുമായി ഗ്രൂപ്പ് ജേതാക്കളായപ്പോള്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ ഗോള്‍ശരാശരിയില്‍ മറികടന്നാണ് നാലുപോയന്റുള്ള മെക്‌സികോ മുന്നോട്ട് കുതിച്ചത്.
മെക്‌സികോയും ദക്ഷിണാഫ്രിക്കയും മൂന്ന് ഗോള്‍ വീതം സ്‌കോര്‍ ചെയ്തപ്പോള്‍ യഥാക്രമം രണ്ടും അഞ്ചും ഗോളുകളാണ് വഴങ്ങിയത്. ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടക്കാന്‍ കഴിയാത്ത ചരിത്രത്തിലെ ആദ്യത്തെ ആതിഥേയരെന്ന ചീത്തപ്പേര് ഒഴിവാക്കാനായി തുടക്കം മുതലേ ആക്രമിച്ചാണ് ദക്ഷിണാഫ്രിക്ക കളിച്ചത്. ഇരുപതാം മിനിറ്റില്‍ ഷബലാലയെടുത്ത കോര്‍ണര്‍ ഹെഡ്ഡ് ചെയ്ത് ബൊന്‍ഗനി ഖുമാലോ ദക്ഷിണാഫ്രിക്കയെ മുന്നിലെത്തിച്ചു.
ഫ്രഞ്ച് പടയെ പിന്തുടരുന്ന കഷ്ടകാലം ഇവിടെയും തീര്‍നനില്ല. ദക്ഷിണാഫ്രിക്കയുടെ ഗോള്‍ പോസ്റ്റിനടുത്ത് പന്ത് ഹെഡ്ഡു ചെയ്യാനുള്ള ശ്രമത്തില്‍ യോവാന്‍ ഗോര്‍കോഫിന്റെ കൈ ഷബലാലയുടെ മുഖത്തു കൊണ്ടു. കൊളംബിയന്‍ റഫറി ഓസ്കാര്‍ റൂയിസ് ചുവപ്പുകാര്‍ഡ് കാണിച്ച് ഗോര്‍ക്കോഫിനെ പുറത്താക്കി. അതേ സമയം തന്നെ ജിബ്രില്‍ സിസെയും പന്ത് പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ ഫൗള്‍ നടത്തിയിരുന്നു. കാര്‍ഡ് തനിക്കാണെന്നുറപ്പിച്ച് സിസ്സെ നില്‍ക്കെ ഗോര്‍ക്കോഫ് വെളിയിലേക്കു പോയി.
പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ആക്രമിച്ച കളിച്ച ദക്ഷിണാഫ്രിക്കക്കാര്‍ മുപ്പത്തിയാറാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. എതിരാളികളുടെ പ്രതിരോധത്തിലെ പിഴവു മുതലെടുത്ത് എംഫാല ആതിഥേയരുടെ ലീഡ് ഉയര്‍ത്തി.
രണ്ടാം പകുതിയില്‍ ഗിഗ്‌നാക്കിനു പകരം മലൂദ ഇറങ്ങിയതോടെ ഫ്രാന്‍സിന്റെ ആക്രമണം മെച്ചപ്പെട്ടു. പിന്നാലെ ക്യാപ്റ്റന്‍ തിയറി ഓണ്‍റിയും ഇറങ്ങിയതോടെ ദക്ഷിണാഫ്രിക്കന്‍ ഗോള്‍മുഖം തുടരെ ആക്രമണത്തിനിരയായി. റിബറിയുടെ ഒരുഗ്രന്‍ പാസിനൊടുവില്‍ മലൂദയാണ് ്ഫ്രാന്‍സിന്റെ ആശ്വാസ ഗോള്‍ നേടിയത്.
മുന്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിട്ടും ദക്ഷിണാഫ്രിക്ക ആദ്യറൗണ്ട് കടക്കാത്ത ആദ്യ ആതിഥേയരെന്ന നാണക്കേട് പേറേണ്ടി വന്നപ്പോള്‍ പാളയത്തിലെ പടയുമായി കളിച്ച ഫ്രഞ്ചുകാര്‍ തലകുമ്പിട്ടു മടങ്ങി.
രണ്ടാം റൗണ്ടില്‍ ഉറുഗ്വായ് ഗ്രൂപ്പ് 'ബി'യിലെ രണ്ടാം സ്ഥാനക്കാരെയും മെക്‌സിക്കോ ഒന്നാം സ്ഥാനക്കാരെയും നേരിടും.