ദില്ലി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പേസര്‍ ആര്.പി.സിംഗിനെ ടീമില്‍ നിന്നൊഴിവാക്കി. ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.
ഫിറ്റല്ലെന്ന കാരണത്താലാണ് ഇഷാന്ത് ശര്‍മയെ ആദ്യരണ്ട് ടെസ്റ്റുകള്‍ക്കായുള്ള ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത്. മീഡിയം പേസര്‍ മുനഫ് പട്ടേലിനെയും സ്പിന്നര്‍ രമേഷ് പവാറിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അനില്‍ കുംബ്ലെ ഫിറ്റ്നെസ് തെളിയിച്ചില്ലെങ്കില്‍ മൂന്നാം ടെസ്റ്റില്‍ രമേഷ് പവാറായിരിക്കും കളിക്കുക.
ആദ്യ രണ്ടു ടെസ്റ്റുകളിലെയും മോശം പ്രകടനമാണ് ആര്.പി.സിംഗിന് വിനയായത്. അതേ സമയം രണ്ടാം ടെസ്റ്റിലെ രണ്ടിന്നിംഗ്സുകളിലും പുറത്താവാതെ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച ഓള്‍റൗണ്ടര്‍ ഇര്ഫാന് പഠാനെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
ടീം- അനില്‍ കുംബ്ലെ (ക്യാപ്റ്റന്‍), വസീം ജാഫര്‍, വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വി.വി.എസ്.ലക്ഷ്മണ്, യുവരാജ് സിംഗ്, മുഹമ്മദ് കെയ്ഫ്, മഹേന്ദ്ര സിംഗ് ധോണി, ഇര്ഫാന് പഠാന്, ഹര്ഭജന് സിംഗ്, പീയൂഷ് ചൗള, രമേഷ് പവാര്‍, ഇഷാന്ത് ശര്‍മ, ശ്രീശാന്ത്, മുനഫ് പട്ടേല്‍.