ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ മഹേന്ദ്രസിംഗ് ധോണിക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ആസ്ത്രേല്യന്‍ ഓപ്പണര്‍ ആദം ഗില്‍ക്രിസ്റ് റാങ്കിംഗില്‍ ധോണിയെ പിന്തള്ളി ഒന്നാമതെത്തി. അതേ സമയം ഇന്ത്യന്‍ ബൗളര്‍ ഇര്‍ഫാന്‍ പഠാന്‍ ബൗളര്‍മാരുടെ നിരയില്‍ രണ്ടാം സ്ഥാനത്തെത്തി.
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ പ്രകടനമാണ് ആദം ഗില്‍ക്രിസ്റിനെ ഒന്നാമതെത്തിച്ചത്. ധോണി രണ്ടാം സ്ഥാനത്തും ആസ്ത്രേല്യന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് മൂന്നാം സ്ഥാനത്തുമാണ്.
ബൗളര്‍മാരില്‍ ഇര്‍ഫാന്‍ പഠാന്‍ മൂന്നാം സ്ഥാനത്തു നിന്നും രണ്ടാമതെത്തി. ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഷോണ്‍ പൊള്ളോക്കാണ് പഠാന് മുന്നിലുള്ള ഏക ബൗളര്‍. ന്യൂസിലാന്റിന്റെ ഷെയ്ന്‍ ബോണ്ട് മൂന്നാം സ്ഥാനത്തും ആസ്ത്രേല്യയുടെ ഗ്ലെന്‍ മഗ്രാത്ത് നാലാം സ്ഥാനത്തുമാണ്.
ഓള്‍റൗണ്ടര്‍മാരില്‍ പഠാന്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ഷോണ്‍ പൊള്ളോക്കും ഇംഗ്ലണ്ടിന്റെ ആന്‍ഡ്രൂ ഫ്ലിന്റോഫുമാണ് പഠാന് മുന്നിലുള്ളത്.
ഏകദിനത്തില്‍ ആസ്ത്രേല്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയേക്കാള്‍ മൂന്ന് പോയിന്റ് പിന്നിലായി ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുന്നു.