സിഡ്നി: ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍ അടുത്ത വര്‍ഷം വിരമിക്കുമെന്ന് സൂചന നല്‍കി. ആസ്ത്രേലിയയുടെ ഹെറാള്‍ഡ് സണ്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
2007ല്‍ വെസ്റിന്റീസില്‍ നടക്കുന്ന ലോകകപ്പില്‍ വരെ താന്‍ കളിക്കുമെന്നും അതിനു ശേഷം വിരമിക്കുന്നതു സംബന്ധിച്ച് ഞാന്‍ തീരുമാനമെടുക്കുമെന്നും- മുരളി പറഞ്ഞു.
അടുത്ത പത്ത് ദിവസത്തിനുള്ളില്‍ എനിക്കൊരു കുഞ്ഞ് ജനിക്കാന്‍ പോവുകയാണ്. കഴിഞ്ഞ 15,16 വര്‍ഷം ഞാന്‍ ക്രിക്കറ്റ് ആസ്വദിച്ചു. ഇപ്പോള്‍ എനിക്കൊരു കുടുംബ ജീവിതമുണ്ട്- ക്രിക്കറ്റ് ജീവിതത്തില്‍ നിന്നു വിരമിക്കാനുള്ള ആലോചനയുടെ പശ്ചാത്തലമെന്തെന്ന് മുരളി വ്യക്തമാക്കി.
മുപ്പത്തിമൂന്നുകാരനായ മുരളി ഇതുവരെ 584 ടെസ്റ് വിക്കറ്റുകളെടത്തിട്ടുണ്ട്. 2004ല്‍ ഏറ്റവും കൂടുതല്‍ ടെസ്റ് വിക്കറ്റുകളെടുത്ത ബൗളറെന്ന കോട്നി വാല്‍ഷിന്റെ റെക്കോഡ് തകര്‍ത്ത മുരളി ഇപ്പോള്‍ വിക്കറ്റു വേട്ടയില്‍ ആസ്ത്രേലിയന്‍ ബൗളര്‍ ഷെയ്ന്‍ വോണിനു പിന്നില്‍ രണ്ടാമനാണ്.
റെക്കോഡ് വീണ്ടും തിരിച്ചുപിടിക്കുക തന്റെ ലക്ഷ്യമല്ലെന്ന് മുരളി വ്യക്തമാക്കി. 15, 20 വര്‍ഷങ്ങള്‍ കൊണ്ട് ആരെങ്കിലും ആയിരം വിക്കറ്റ് വരെ എടുത്തേക്കുമെന്നും റെക്കോഡുകള്‍ ഒന്നുമല്ലെന്നും മുരളി പറഞ്ഞു.