ചെന്നൈ: ദേശീയ സീനിയര്‍ അത്ലറ്റിക് മീറ്റില്‍ അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം കേരളം ഓവറോള്‍ കീരീടം തിരിച്ചുപിടിച്ചു.
നിലവിലുള്ള ചാമ്പ്യന്‍മാരായ തമിഴ്നാടിനെ മെഡല്‍ നിലയിലും പോയിന്റ് നിലയിലും പിന്നിലാക്കിയാണ് കേരളം ആധിപത്യം ഉറപ്പിച്ചത്.
ഇരട്ട സ്വര്‍ണം നേടിയ ഝാര്‍ഖണ്ഡിന്റെ മലയാളിതാരം സിനിമോള്‍ പൗലോസും 400മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ റക്കോര്‍ഡിട്ട കേരളത്തിന്റെ ജോസഫ് അബ്രഹാമുമാണ് മീറ്റിലെ മികച്ച താരങ്ങള്‍.
പുരുഷവിഭാഗത്തിലും വനിതാ വിഭാഗത്തിലും കേരളം തന്നെയാണ് മുന്നില്‍. പുരുഷവിഭാഗത്തില്‍ 117പോയിന്റും വനിതാ വിഭാഗത്തില്‍ 74പോയിന്റുമാണ് കേരളത്തിന്റെ നേട്ടം. 12സ്വര്‍ണം, 4 വെള്ളി, 10 വെങ്കലം എന്നിവനേടിയകേരളത്തിന്റെ ആകെ പോയിന്റ് 191ആണ്.
5സ്വര്‍ണവും നാല് വെള്ളിയും ഏഴ് വെങ്കലവുമായി തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. 143.25പോയിന്റാണ് തമിഴ്നാടിനുള്ളത്. ഉത്തര്‍പ്രദേശത്താണ് മൂന്നാം സ്ഥാനം നേടിയത്.
2000ല്‍ ചെന്നൈയില്‍ നേടിയശേഷം നഷ്ടമായ കിരീടമാണ് കേരളം നാല്പത്തിയാറാമത്തെ മീറ്റില്‍ തിരിച്ചുപിടിച്ചിരിക്കുന്നത്. കേരളത്തിന്റെ ഭാഗ്യദിനമായ ഞായറാഴ്ച ഒരു ദേശീയ റക്കോര്‍ഡും രണ്ട് മീറ്റ് റക്കോര്‍ഡുകള്‍ക്കും പിറന്നു.