സിഡ്നി: ബൗളര്‍മാരും സച്ചിന്‍ ടെണ്ടുല്‍ക്കറും ചേര്‍ന്ന് ത്രിരാഷ്ട്ര കപ്പിന്റെ ആദ്യഫൈനലില്‍ ഇന്ത്യക്ക് വിജയമൊരുക്കി. 25 പന്തുകള്‍ പാക്കി നില്‍ക്കെയാണ് ഇന്ത്യ 240 റണ്‍സ് എന്ന വിജയലക്ഷ്യത്തിലെത്തിയത്.
ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ആസ്ത്രേല്യയെ കെട്ടിവരിഞ്ഞതോടെ ആദ്യ ഫൈനല്‍ ഇന്ത്യക്ക് അനുകൂലമായി. ശ്രീലങ്കയ്ക്കെതിരായ കളിയിലെ കേമന്‍ പ്രവീണ്‍ കുമാറിനെ ഓപ്പണിംഗ് ബൗളറായി ഇറക്കിയുള്ള ഇന്ത്യയുടെ പരീക്ഷണ വിജയിച്ചു. ആദ്യഓവറുകളില്‍ മുറക്ക് വിക്കറ്റുകള്‍ വീണപ്പോള്‍ കളി ഇന്ത്യയുടെ വരുതിയിലായി. ഹെയ്ഡനും (82) ഹസ്സിയും (45) സൈമണ്ട്സും (32) മാത്രമാണ് ആസ്ത്രേല്യക്കു വേണ്ടി ചെറുത്തുനിന്നത്.
50 ഓവറും ബാറ്റ് ചെയ്തിട്ടും എട്ട് വിക്കറ്റിന് 239 റണ്‍സ് എന്ന സ്കോറില്‍ ആസ്ത്രേല്യയെ ചുരുട്ടിക്കെട്ടാന‍് കഴിഞ്ഞതോടെ തന്നെ ഇന്ത്യ വിജയമുറപ്പിച്ചതാണ്. എന്നാല്‍ 20 ഓവറുകള്‍ക്കുള്ളില്‍ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ ജയിക്കാവുന്ന കളി തുലയ്ക്കുന്ന ഇന്ത്യയുടെ പതിവ് ആവര്‍ത്തിക്കുമോയെന്ന് സംശയമുണര്‍ന്നു. ഓപ്പണര്‍ റോബിന്‍ ഉത്തപ്പ മൂന്നും ത്രിരാഷ്ട്ര കപ്പിലുടനീളം ഗംഭീര പ്രകടനം കാഴ്ചവച്ച ഗൗതം ഗംഭീര്‍ 17ഉം യുവരാജ് സിംഗ് പത്തും റണ്‍സ് മാത്രമെടുത്ത് മടങ്ങിയപ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ മങ്ങിയെങ്കിലും അപ്പോഴും ക്രീസില്‍ പിടിച്ചു നിന്ന സച്ചിനും രോഹിത് ശര്‍മയും ചേര്‍ന്ന് കളി വീണ്ടും വരുതിയിലാക്കി.
മൂന്നിന് 87 എന്ന നിലയില്‍ നിന്നാണ് ഇരുവരും ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 116 പന്തുകളില്‍ നിന്ന് 113 റണ്‍സെടുത്ത സച്ചിന്‍ തന്റെ സെഞ്ച്വറികളുടെ കൂട്ടത്തില്‍ ഒന്നു കൂടി ചേര്‍ത്തതോടെ ആദ്യഫൈനല്‍ ഇന്ത്യ വിജയമുറപ്പിച്ചു. 66 റണ്‍സോടെ രോഹിത് സച്ചിന് മികച്ച പിന്തുണ നല്‍കി.