For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

0/4: ടീം ഇന്ത്യയുടെ പതനം പൂര്‍ണം

By Ajith Babu
Graem Swann
കെന്നിങ്ടണ്‍: നാണക്കേടിന്റെ പുതിയ അധ്യായങ്ങള്‍ രചിച്ച് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ നാലാം മത്സരവും തോറ്റു. ഇന്നിങ്‌സിനും എട്ടുറണ്‍സിനുമേറ്റ കനത്ത പരാജയത്തിന് പിന്നാലെ ടെസ്റ്റ് റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് വീണതും ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി.

രണ്ടാം ടെസ്റ്റിലെ അവസാനദിനത്തിന്റെ തനിയാവര്‍ത്തനമായിരുന്നു നാലാം ടെസ്റ്റിലും സംഭവിച്ചത്. മൂന്നിന് 262 എന്ന നിലയില്‍ നിന്നും 21 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഏഴു ബാറ്റ്‌സ്മാന്‍മാരാണ് പവലിയനില്‍ മടങ്ങിയെത്തിയത്. ഇന്നിങ്‌സ് പരാജയം പോലും ഒഴിവാക്കാന്‍ അവര്‍ മെനക്കെടാതിരുന്നത് ആരാധകരെ ഞെട്ടിയ്ക്കുക തന്നെ ചെയ്തു. അതേസമയം സൂപ്പര്‍വിജയങ്ങളുമായി ഇന്ത്യയ്‌ക്കെതിരെയുള്ള പരമ്പര 4-0ന് സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് ലോകറാങ്കിലെ ഒന്നാം നമ്പര്‍ പദവി ആഘോഷിച്ചത്. സ്‌കോര്‍: ഇംഗ്ലണ്ട് 6ന് 591(ഡിക്ല.); ഇന്ത്യ 300, 283. (സ്കോര്‍കാര്‍ഡ്)

ഇന്നിങ്‌സ് തോല്‍വിയെന്ന നാണക്കേട് ഒഴിവാക്കാന്‍ 162 റണ്‍സ് കൂടി വേണമെന്ന നിലയിലാണ് അവസാന ദിനം ഇന്ത്യ കളിക്കാനിറങ്ങിയത്. നൂറാം സെഞ്ച്വറിക്കരികില്‍ പുറത്തായ സച്ചിന്‍ തെണ്ടുല്‍ക്കറും (91) നൈറ്റ് വാച്ച്മാനായി വന്ന് അദ്ഭുതപ്രകടനം കാഴ്ചവെച്ച അമിത് മിശ്ര(84)യുടെയും പ്രകടനം ഇന്നിങ്‌സ് തോല്‍വിയില്‍നിന്ന് ടീമിനെ കരകയറ്റുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും കാര്യങ്ങള്‍ മാറിമറിയാന്‍ അധികംതാമസമുണ്ടായില്ല.

സച്ചിനും അമിത് മിശ്രയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ ചേര്‍ത്ത 144 റണ്‍സെടുത്ത് സമനിലയെന്ന ആശ്വാസത്തിലേക്ക് ഇന്ത്യയെ എത്തിയ്ക്കുമെന്ന് കരുതിയ നിമിഷത്തിലാണ് സ്വാന്‍ ആഞ്ഞടിച്ചത്.
നാലിന് 262ല്‍ നില്‍ക്കെ, സ്വാനിന്റെ പന്തില്‍ മിശ്ര ക്ലീന്‍ ബൗള്‍ഡായതോടെയാണ് തകര്‍ച്ചയ്ക്ക് തുടക്കമായത്. തൊട്ടടുത്ത ഓവറില്‍ രണ്ടാം സ്‌പെല്ലിനെത്തിയ ടിം ബ്രെസ്‌നന്റെ ആദ്യ പന്തില്‍ സച്ചിന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. കരിയറിലെ നൂറാം സെഞ്ച്വറിക്ക് ഒമ്പതു റണ്‍സ് അകലെയായിരുന്നു അപ്പോള്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍. ലേശം ആലോചിച്ച ശേഷം അമ്പയര്‍ റോഡ് ടക്കര്‍ വിരലുയര്‍ത്തിയതോടെ ഇന്ത്യയുടെ അവസാനപ്രതീക്ഷയും നഷ്ടപ്പെട്ടു. തൊട്ടുപിന്നാലെ പുതിയ പന്തെടുത്തതോടെ ഇന്ത്യന്‍ ബാറ്റിങ്‌നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. 21 റണ്‍സിനിടെ അവസാന ഏഴുവിക്കറ്റുകള്‍ വലിച്ചെറിഞ്ഞാണ് ഇന്നിങ്‌സ് തോല്‍വി ടീം ഇന്ത്യ ഇരന്നുവാങ്ങിയത്.

സ്വാനിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി റെയ്‌ന തുടരെ രണ്ടാമിന്നിങ്‌സിലും പൂജ്യത്തിന് പുറത്തായി. ബ്രോഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മാറ്റ് പ്രയര്‍ക്ക് ക്യാച്ച് സമ്മാനിച്ച് ആര്‍.പി.സിങ്ങും മടങ്ങി. സ്വാനിനെ കയറിയടിക്കാന്‍ ശ്രമിച്ച് ഗൗതം ഗംഭീര്‍ (3) മോര്‍ഗന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ഇന്ത്യ ഒമ്പതിന് 275. ശ്രീശാന്തിനെയും പുറത്താക്കി മത്സരത്തിലെ ആറാം വിക്കറ്റും സ്വന്തമാക്കിയ സ്വാന്‍ ഇംഗ്ലണ്ടിന് തുടര്‍ച്ചയായ നാലാം വിജയം സമ്മാനിച്ചു.

എക്കാലത്തും ഇന്ത്യ മറക്കാനാഗ്രഹിയ്ക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കാണ് ഇതോടെ തിരശ്ശീല വീണത്. ആദ്യ ടെസ്റ്റില്‍ 196 റണ്‍സിനും രണ്ടാം ടെസ്റ്റില്‍ 319 റണ്‍സിനും തോറ്റ ഇന്ത്യ പിന്നീട് രണ്ട് മത്സരങ്ങളിലും ഇന്നിങ്‌സ് തോല്‍വി വഴങ്ങി. മൂന്നാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 242 റണ്‍സിനുമായിരുന്നു തോല്‍വി. പരമ്പരയില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയ രാഹുല്‍ ദ്രാവിഡൊഴികെ മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്കാര്‍ക്കും തിളങ്ങാനായില്ല. ബൗളര്‍മാര്‍ വെറുംകാഴ്ചക്കാരായി മാറുകയും ചെയ്തു.

1959ല്‍ ഇംഗ്ലണ്ടിനോട് 5-0നും 1962ല്‍ വെസ്റ്റിന്‍ഡീസിനോട് 5-0നും 1968ല്‍ ഓസ്‌ട്രേലിയയോട് 4-0നും തോറ്റതാണ് ഇന്ത്യയുടെ വമ്പന്‍ പരാജയങ്ങള്‍. എന്നാല്‍, ക്രിക്കറ്റിലെ ലോകശക്തിയായി തലയുര്‍ത്തിയശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ തോല്‍വിയാണ് ഇപ്പോഴത്തേത്. അതും ഏകദിനത്തിലെ രാജാക്കന്മാരായി കിരീടം ചൂടിയതിന് പിന്നാലെ.

Story first published: Wednesday, May 9, 2012, 16:18 [IST]
Other articles published on May 9, 2012
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+