മുംബൈ: ഇപ്പോഴത്തെ ക്രിക്കറ്റ് വിവാദത്തിന് പരിഹാരമായി സൗരവ് ഗാംഗുലി ക്യാപ്റ്റന്‍ സ്ഥാനമൊഴിയണമെന്ന് മുന്‍ ബിസിസിഐ പ്രസിഡന്റ് ദുംഗാര്‍പൂര്‍ പറഞ്ഞു.
എന്നാല്‍ മറ്റൊരു കൊല്‍ക്കത്തക്കാരനായ ജഗ്മോഹന്‍ ഡാല്‍മിയ ഗാംഗുലിയെ സംരക്ഷിക്കാനുണ്ടെന്നതിനാല്‍ അതല്ല സംഭവിക്കാന്‍ പോകുന്നതെന്ന് തനിക്കറിയാമെന്നും ദുംഗാര്‍പൂര്‍ കൂട്ടിച്ചേര്‍ത്തു.
ഗാംഗുലി-ചാപ്പല്‍ വിവാദത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ബിസിസിഐ റിവ്യൂ കമ്മിറ്റിയുടെ യോഗം ചൊവ്വാഴ്ച നടക്കാനിരിക്കെയാണ് ദുംഗാര്‍പൂര്‍ ഗാംഗുലിക്കും മുന്‍ ബിസിസിഐ പ്രസിഡന്റ് ജഗ്മോഹന്‍ ഡാല്‍മിയക്കുമെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ഗ്രെഗ് ചാപ്പല്‍ ബിസിസിഐ പ്രസിഡന്റിന് അയച്ച ഇ-മെയില്‍ സന്ദേശം ചോര്‍ന്നതിന് ഉത്തരവാദി ഡാല്‍മിയയാണെന്നും ദുംഗാര്‍പൂര്‍ കുറ്റപ്പെടുത്തി. ഒരു ബംഗാളി പത്രത്തിനാണ് വാര്‍ത്ത ചോര്‍ന്നു കിട്ടിയത്. കൊല്‍ക്കത്തക്കാരായ ഡാല്‍മിയയോ ഗൗതം ദാസ് ഗുപ്തയോ അറിയാതെ ഇതു സംഭവിക്കില്ല. ഡാല്‍മിയയുടെ അറിവോടെയല്ലാതെ ഗൗതം ദാസ് ഗുപ്ത ഇത്തരത്തില്‍ ചെയ്യാനിടയില്ല.
ഇത്തരമൊരു ഇ-മെയിലിന്റെ കോപ്പി ഡാല്‍മിയയ്ക്ക് അയച്ചത് എന്തടിസ്ഥാനത്തിലാണെന്ന് ബിസിസിഐ പ്രസിഡന്റ് രണ്‍ബീര്‍ സിംഗ് വ്യക്തമാക്കണമെന്നും ദുംഗാര്‍പൂര്‍ ആവശ്യപ്പെട്ടു.