പോര്‍ട്ട് എലിസബത്ത്: രണ്ടാം ഐപിഎല്ലില്‍ ആരെയും കൂസതെ മുന്നേറുന്ന ദില്ലി ഡെയര്‍ ഡെവിള്‍സിന് തുടര്‍ച്ചയായ മൂന്നാം വിജയം. കോടികള്‍ ഇറക്കി ടീമിന്റെ ഗ്ലാമര്‍ കൂട്ടിയെങ്കിലും നിര്‍ഭാഗ്യം വിടാതെ പിന്തുടരുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരേ ആറു വിക്കറ്റിനാണ് ദില്ലി വിജയിച്ചത്.
രണ്ടു വിക്കറ്റിന് 42 എന്ന നിലയില്‍ തകര്‍ന്ന ദില്ലിയെ 47 പന്തില്‍ 67 റണ്‍സ് നേടിയ തിലകരത്നെ ദില്‍ഷന്റെ പ്രകടനമാണ് രക്ഷിച്ചത്. വിജയത്തിലെത്തിച്ചു. ദില്‍ഷന്‍ തന്നെയാണ് മാന്‍ ഒഫ് ദ മാച്ച്. ആറു പോയിന്‍റുള്ള ഡല്‍ഹി പോയിന്‍റ് ടേബിളില്‍ രണ്ടാമതാണ്. ഇതേ പോയിന്‍റുള്ള ഡെക്കാന്‍ ചാര്‍ജേഴ്സ് നെറ്റ് റണ്‍റേറ്റില്‍ ഒന്നാംസ്ഥാനത്ത് തുടരുകയാണ്. സ്കോര്‍. ചലഞ്ചേഴ്സ്- 149/7, ഡെവിള്‍സ്- 150/4
ടോസ് നേടിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് 149 റണ്‍സെടുത്തു. സ്കോര്‍ ബോര്‍ഡില്‍ 10 റണ്‍സ് തെളിയുന്പോഴേക്കും രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായ ബാംഗ്ലൂരിനെ കെവിന്‍ പീറ്റേഴ്സണ്‍ (37), ടെയ് ലര്‍ (31), 26 പന്തില്‍ 36 റണ്‍സെടുത്ത ബൗച്ചര്‍ എന്നിവരുടെ മികച്ച പ്രകടനമാണ് മാന്യമായ സ്കോറിലെത്തിച്ചത്.
150 എന്ന വിജയലക്ഷ്യവുമായി മറുപടി കളത്തിലിറങ്ങിയ ഡെയര്‍ ഡെവിള്‍സിനെ തുടക്കത്തില്‍ തന്നെ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ ഞെട്ടിച്ചു. സ്കോര്‍ 42ല്‍ നില്‍ക്കെ ഗൗതം ഗംഭീറും (16), വീരേന്ദര്‍ സേവാഗും (7) പവലിയനില്‍ മടങ്ങിയെത്തി. ആദ്യമത്സരം കളിക്കുന്ന അപ്പണ്ണ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിവീരന്‍ എബി ഡിവില്ലിയേഴ്സിനെക്കൂടി (21) കൂടാരം കയറ്റിയതോടെ ഡെവിള്‍സിനെതിരേ അട്ടിമറി ജയം ചലഞ്ചേഴ്സ് സ്വപ്നം കണ്ടു.
എന്നാല്‍ ലങ്കന്‍ പോരാട്ടവീര്യവുമായെത്തിയ ദില്‍ഷന്‍ ബാംഗ്ലൂരിന്റെ പ്രതീക്ഷകളെ തച്ചുടയ്ക്കുകയായിരുന്നു. ദിനേഷ് കാര്‍ത്തിക്കിനെയും (12) പിന്നാലെ (23) മിഥുന്‍ മന്‍ഹാസിനെയും കൂട്ടുപിടിച്ചു ദില്‍ഷന്‍ ടീമിനെ വിജയത്തിലെത്തിച്ചു. 47 പന്തില്‍ അഞ്ച് ബൗണ്ടറിയും രണ്ട് സിക്സറും ഉള്‍പ്പെട്ടതായിരുന്നു ദില്‍ഷന്‍ 67 റണ്‍സ്.