ദില്ലി: റിലെ സ്വര്‍ണത്തില്‍ മലയാളി പെണ്‍കൊടിയ്ക്കും പങ്ക്. വനിതകളുടെ 4 x 400 മീറ്റര്‍ റിലേയില്‍ മൂവാറ്റുപുഴ ആവോലി സ്വദേശി സിനി ജോസ് ഉള്‍പ്പെട്ട സംഘമാണ് സ്വര്‍ണം നേടിയത്.
പഞ്ചാബികളായ മന്‍ദീപ് കൗര്‍, മന്‍ജീത് കൗര്‍, കര്‍ണാടകക്കാരി അശ്വനി ചിന്നപ്പ എന്നിവരായിരുന്നു സംഘത്തിലെ മറ്റ് സുവര്‍ണ പെണ്‍കൊടികള്‍.
മെഡല്‍ വേട്ടയില്‍ ചൊവ്വാഴ്ച മലയാളത്തിന്റെ മണം പകര്‍ന്നത് സിനി ജോസ് മാത്രമായിരുന്നില്ല. രഞ്ജിത് മഹേശ്വരി പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ പുതിയ ദേശീയ റെക്കോഡോടെ (17.07 മീറ്റര്‍) വെങ്കലം നേടിയാണ് കേരളത്തിന് അഭിമാനമായത്.
ദേശീയ റെക്കോഡോടെയാണ് 4 x 100 മീറ്റര്‍ പുരുഷ റിലേ ടീം വെങ്കലം നേടിയത്. ഈ ടീമില്‍ കോട്ടയം സംക്രാന്തി സ്വദേശി ഷമീര്‍ മോനും ഉണ്ടായിരുന്നു.4x 100 മീറ്റര്‍ റിലേയില്‍ രാജ്യത്തിനുവേണ്ടി വെങ്കലം നേടിയ വനിതാ ടീമിലെ കേരളത്തിന്റെ പ്രതിനിധി കൊല്ലം ആദിച്ചനല്ലൂര്‍ക്കാരി പി.കെ.പ്രിയ ആയിരുന്നു.
ഒരു സ്വര്‍ണവും നാലു വെങ്കലവുമുള്‍പ്പെടെ അഞ്ചു മെഡലുകളാണ് ഒക്ടോബര്‍ 12 ചൊവ്വാഴ്ച അത്‌ലറ്റിക്‌സില്‍ ഇന്ത്യ നേടിയത്. ഇതില്‍ നാലിലും മലയാളികളുടെ സാന്നിധ്യമുണ്ടായത് കേരളത്തിന് അഭിമാനം നേടിതരുന്നത് തന്നെയാണ്.
മെഡല്‍ നേടിയ താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ്
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചൊവ്വാഴ്ച മെഡല്‍ നേടിയ മലയാളി താരങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ ക്യാഷ് അവാര്‍ഡ് നല്‍കും. ലോങ്ജമ്പില്‍ വെള്ളിമെഡല്‍ നേടിയ പ്രജുഷയ്ക്ക് 10 ലക്ഷം രൂപ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ചൊവ്വാഴ്ച മെഡല്‍ നേടിയ സിനി ജോസ്, പി.കെ. പ്രിയ, ഷമീര്‍മോന്‍, രഞ്ജിത് മഹേശ്വരി എന്നിവര്‍ക്കാണ് ക്യാഷ് അവാര്‍ഡ് നല്‍കുക. ഗെയിംസിനുശേഷം സമ്മാനത്തുക സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി എം. വിജയകുമാര്‍ അറിയിച്ചു.