കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകസ്ഥാനത്തേക്ക് മുന്‍ വെസ്റ്ഇന്റീസ് താരം ഡെസ്മണ്ട് ഹെയ്ന്‍സിനെയും പരിഗണിക്കുന്നു. ബിസിസിഐയുടെ ക്ഷണം സ്വീകരിച്ച് മെയ് 19,20 തീയതികളില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹെയ്ന്‍സ് പങ്കെടുക്കും.
ഇംഗ്ലീഷ് കൗണ്ടിയില്‍ രണ്ട് വര്‍ഷം പരിശീലകനായി അനുഭവപരിചയമുള്ള ഹെയ്ന്‍സിന്റെ പേര് നിര്‍ദേശിച്ചത് ബിസിസിഐ സമിതിയിലെ മുതിര്‍ന്ന അംഗങ്ങളാണ്. മുന്‍ ഇംഗ്ലണ്ട് താരം ജോണ്‍ എംബുറിയെയും ബിസിസിഐ ക്ഷണിച്ചെങ്കിലും അദ്ദേഹം ക്ഷണം നിരസിച്ചു.
ഹെയ്ന്‍സ് ക്ഷണം സ്വീകരിച്ചതോടെ പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന വിദേശികള്‍ മൂന്ന് പേരായി. ഗ്രെഗ് ചാപ്പലും ടോം മൂഡിയുമാണ് മറ്റു രണ്ടു പേര്‍. മുന്‍ ഇന്ത്യന്‍ താരം മൊഹീന്ദര്‍ അമര്‍നാഥിനെയും പരിഗണിക്കുന്നുണ്ട്. ഒമാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവുന്നതിനാല്‍ സന്ദീപ് പാട്ടിലിനെ പരിഗണിക്കുന്നില്ല.