ബാംഗ്ലൂര്‍ : ഒമ്പതു വയസുകാരനായ ഗിരീഷ് കൗശിക് ഇന്ന് ചെസ് രംഗത്തെ ഒരു അത്ഭുത ബാലനാണ്. 10 വയസിന് താഴെയുള്ള കുട്ടികള്‍ക്കിടയിലെ ലോകചാമ്പ്യനാണ് ഗിരീഷ് കൗശിക്. എന്നാല്‍ വേണ്ട പരിശീലനമോ സര്‍ക്കാര്‍ സഹായമോ ഈ ബാലന് കിട്ടുന്നില്ല.
റഷ്യയില്‍ നിന്നും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളലില്‍ നിന്നും പ്രത്യേക പരിശീലനം ഈ ബാലന് ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ഈ രാജ്യങ്ങളില്‍ താമസിക്കാനും പരിശീലനം നേടാനും വര്‍ഷത്തില്‍ ശരാശരി 35 ലക്ഷം രൂപയെങ്കിലും വേണം. ക്രിക്കറ്റിനോട് മാത്രം താത്പര്യം കാണിക്കുന്ന കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നും യാതൊരു പിന്തുണയും ലഭിക്കാത്ത സാഹചര്യത്തില്‍ ഈ പ്രായത്തില്‍ തന്നെ ചെസ് രംഗം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് ഈ കുട്ടിയെന്ന് കൗശിക്കിന്റെ അച്ഛന്‍ അരുണ്‍ കൗശിക് പറഞ്ഞു.
2006 ഒക്ടോബറില്‍ ജോര്‍ജിയയിലെ ബതുമിയില്‍ നടന്ന മത്സരത്തില്‍ അണ്ടര്‍ 10 വിഭാഗത്തില്‍ ചാമ്പ്യനായതിനു ശേഷം യാതൊരു തരത്തിലുള്ള സാമ്പത്തിക സഹായവും കൗശികിന് ലഭിച്ചിട്ടില്ല. അതേ സമയം അണ്‍ര്‍ എട്ട് വിഭാഗത്തില്‍ ലോകചാമ്പ്യനായ ഗോവയിലെ ഇവാന ഫര്‍ഡോക്ക് ഗോവന്‍ സര്‍ക്കാരില്‍ നിന്നും ഏഴ് ലക്ഷം രൂപയുടെ അവാര്‍ഡാണ് ലഭിച്ചത്.
അതേ സമയം കര്‍ണാടക സ്വദേശിയായ കൗശികിന് ലഭിച്ചത് സംസ്ഥാന സര്‍ക്കാരില്‍ നിന്നും 25,000 രൂപയുടെ പുരസ്കാരം മാത്രം. ലോക ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ചതിന് ഗിരീഷിന് കര്‍ണാടക സര്‍ക്കാര്‍ ഒരു ലക്ഷം രൂപയും കേന്ദ്രം 50,000 രൂപയുമെങ്കിലും നല്‍കേണ്ടതാണെന്ന് അരുണ്‍ കൗശിക് പറഞ്ഞു.
നാലാം വയസില്‍ തന്നെ ഗിരീഷിന് ചെസ്സിനോട് താത്പര്യമുണ്ടായിരുന്നു. ഏഴ് വയസിനകം എല്ലാ ജില്ലാ തല മത്സരങ്ങളിലും ഗിരീഷ് വിജയിച്ചു. 204ല്‍ സംസ്ഥാന അണ്ടര്‍ 10 ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ചു. അതിനു ശേഷം സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ വിജയം കണ്ടു.
2004ല്‍ കൊച്ചിയില്‍ നടന്ന ഫിഡെ ഇന്റര്‍നാഷണലില്‍ മികച്ച കളിക്കാരനുള്ള അവാര്‍ഡ് നേടിയതോടെയാണ് ഗിരീഷ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. 2005ല്‍ ദില്ലിയില്‍ നടന്ന ഏഷ്യന്‍ അണ്ടര്‍ 8 മത്സരത്തില്‍ വിജയിച്ചു. ജോര്‍ജിയയില്‍ നടന്ന അന്താരാഷ്ട്ര മത്സരമാണ് ഗിരീഷിന്റെ ഏറ്റവും വലിയ നേട്ടം.
തനിക്ക് പ്രധാന യൂറോപ്യന്‍ ലീഗുകളില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഗിരീഷ് പറയുന്നു. ഉയര്‍ന്ന ലീഗുകളില്‍ വിജയങ്ങള്‍ നേടാനാവുന്നതു വരെ ചെസ്സില്‍ നിന്നും പണമുണ്ടാക്കുക സാധ്യമല്ല. ഗിരീഷ് കായിക ഇനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നവര്‍ക്കായി കാത്തിരിക്കുകയാണ്. കൂടുതല്‍ ഉയരങ്ങളിലെത്താനാവുമെന്ന പ്രതീക്ഷയോടെ.