നാഗ്പൂര്‍: ഒരു ബ്രിട്ടീഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കോച്ച് ഗ്രെഗ് ചാപ്പലിന് ബിസിസിഐ താക്കീത് നല്‍കിയേക്കും. ഇത്തരം വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടായിരിക്കും താക്കീത്.
ബിസിസിഐ പ്രസിഡന്റ് ശരദ് പവാറുമായി താന്‍ ചര്‍ച്ച നടത്തുമെന്നും അതിനു ശേഷം ചാപ്പലിന് ഔദ്യോഗികമായ താക്കീത് നല്‍കിയേക്കുമെന്നും ബിസിസിഐ സെക്രട്ടറി നിരഞ്ജന്‍ ഷാ പറഞ്ഞു.
തനിക്കെതിരെ ചാപ്പല്‍ നടത്തിയ അടിസ്ഥാനമില്ലാത്ത പരാമര്‍ശങ്ങളെ കുറിച്ച് ഗാംഗുലി കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു. സാമ്പത്തിക കാരണങ്ങളാലാണ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് ഒഴിയാതെ തുടരാന്‍ ഗാംഗുലി കടുംപിടുത്തം കാട്ടിയതെന്ന ചാപ്പലിന്റെ പ്രസ്താവനയ്ക്കെതിരെയാണ് ഗാംഗുലി പ്രധാനമായും പരാതിപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ കരിയര്‍ ഭദ്രമാക്കുന്നതിനായി സ്വന്തം നിലയില്‍ തന്നെ ക്യാപ്റ്റന്‍ പദവി ഒഴിയണമെന്ന് താന്‍ ഗാംഗുലിയോട് ഉപദേശിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം അതിനു തയ്യാറായില്ലെന്നും ചാപ്പല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ക്യാപ്റ്റന്‍ പദവി ഗാംഗുലിയുടെ ജീവിതത്തിനും സാമ്പത്തിക നിലക്കും എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ആ ഘട്ടത്തില്‍ തനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ചാപ്പല്‍ പറഞ്ഞിരുന്നു.