സാന്റിയാഗോ: നിര്‍ണായക മത്സരത്തില്‍ ബ്രിട്ടനോട് പരാജയപ്പെട്ടതോടെ ബെയ്‌ജിങ്ങ് ഒളിപിക്‌സില്‍ നിന്നും ഇന്ത്യന്‍ പുരുഷ ഹോക്കി ടീം പുറത്തായി.
സാന്റിയാഗോയില്‍ നടന്ന യോഗ്യതാ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ബ്രിട്ടന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. എട്ടു തവണ ഒളിമ്പിക്‌സ് സ്വര്‍ണം കരസ്ഥമാക്കിയിട്ടുള്ള ഇന്ത്യ കഴിഞ്ഞ എണ്‍പതു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഒളിമ്പികസ് യോഗ്യത നേടാന്‍ കഴിയാതെ പുറത്താകുന്നത്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ രണ്ടു ഗോള്‍ നേടി ബ്രിട്ടന്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാഴ്‌ത്തുകയായിരുന്നു. തുടക്കത്തിലേറ്റ തിരിച്ചടിയില്‍ നിന്നും ഇന്ത്യന്‍ താരങ്ങള്‍ക്ക് ് ഒരിക്കലും മത്സരത്തിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞില്ല. ബാരി മഡില്‍ടണും റിച്ചാര്‍ഡ് മാന്‍ഡലുമാണ് ബ്രിട്ടനു വേണ്ടി ഗോള്‍ നേടിയ താരങ്ങള്‍.
യോഗ്യത മത്സരത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന ്‌ഇന്ത്യന്‍ ഹോക്കി ടീം കോച്ച് ജോക്വിം കാര്‍വലോ കോച്ച് സ്ഥാനം രാജിവയ്‌ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
11 മാസം മുമ്പാണ് കാര്‍വലോ ഇന്ത്യന്‍ ടീമിന്റെ കോച്ചായി സ്ഥാനമേറ്റത്. ഇന്ത്യന്‍ ടീമിനെ ഒന്നാം നിരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരാന്‍ കഠിന ശ്രമം തന്നെ വേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
രാജിക്കാര്യത്തെപ്പറ്റി ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ പ്രസിഡന്റ് കെ.പി.എസ് ഗില്ലുമായി ചര്‍ച്ച നടത്തിയെന്നും കാര്‍വലോ അറിയിച്ചു.