Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വാലു പൊരുതി, തല നാണം കെട്ടു!

സിഡ്‍നി : ഉത്തപ്പയും പത്താനും ഹര്‍ബജനും കൂടി സ്റ്റുവര്‍ട്ട് ക്ലര്‍ക്കിനെയും നഥാന്‍ ബ്രാക്കണെയും നിലം തൊടാതെ അടിച്ചു പായിച്ചത് കണ്ടപ്പോള്‍ സച്ചിനും യുവരാജും നാണം കെട്ടിരിക്കണം. വാലറ്റത്തിന്റെ വീരോചിത പോരാട്ടം തോല്‍വിയുടെ കനം കുറച്ചുവെന്ന് പറയുന്നതാവും ശരി. ഒരുവേള വിജയ പ്രതീക്ഷയുണര്‍ത്തിയതാണ് ഉത്തപ്പയും പത്താനും ഹര്‍ബജനും. എന്നാല്‍ ബ്രെറ്റ്ലീയെന്ന കരുത്തന്റെ മുന്നില്‍ ലക്ഷ്യത്തില്‍ നിന്നും18 റണ്‍സകലെ ഇന്ത്യ ബാറ്റു താഴ്ത്തി.

റിക്കി പോണ്ടിംഗിന്റെ സെഞ്ച്വറിയുടെ മികവില്‍ ഏഴു വിക്കറ്റിന് 317 റണ്‍സെന്ന വമ്പന്‍ ലക്ഷ്യമാണ് ആസ്ട്രേലിയ ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചു നീട്ടിയത്.

സ്കോര്‍ ബോര്‍ഡില്‍ വെറും മൂന്നു റണ്‍സ് മാത്രം എത്തിയപ്പോള്‍, ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ സൂപ്പര്‍ ബാറ്റ്സ്‍മാന്‍ സച്ചിന്‍ പവലിയനിലേയ്ക്ക് മടങ്ങി. നിര്‍ണായക മത്സരത്തില്‍ സച്ചിന്‍ നിഷ്പ്രഭമായ മറ്റൊരു കളി കൂടി. ഗംഭീറും സേവാഗും ചേര്‍ന്ന് നടത്തിയ പ്രത്യാക്രമണം എട്ടാം ഓവറില്‍ തീര്‍ന്നു. സ്റ്റുവര്‍ട്ട് ക്ലര്‍ക്കിന്റെ പന്തില്‍ ഗില്‍ക്രിസ്റ്റിന് പിടി കൊടുത്ത് ബൗണ്ടറി വീരന്‍ സേവാഗ് (17) കൂടാരം കയറി.

രോഹിത് ശര്‍മ്മയും (ഒന്ന്) യുവരാജ് സിംഗും (അഞ്ച്) വന്നതും പോയതും ആരുമറിഞ്ഞില്ല. നാലു വിക്കറ്റിന് 51 റണ്‍സ് എന്ന നിലയില്‍ ഇന്ത്യയെ പരാജയം കളിയാക്കിച്ചിരിച്ചു. ധോണിയും ഗംഭീറും ശ്രമിച്ചത് വമ്പന്‍ തോല്‍വി ഒഴിവാക്കാന്‍. ഇഴഞ്ഞു നീങ്ങിയ ധോണിയുടെ ബാറ്റിംഗ് (66 പന്തില്‍ 36 റണ്‍സ്) ബ്രെറ്റ്ലീ തന്നെ അവസാനിപ്പിച്ചു.

ഉത്തപ്പയും ഗംഭീറും ചേര്‍ന്ന് സ്കോര്‍ 216 റണ്‍സ് വരെയെത്തിച്ചു. സെഞ്ച്വറി തികച്ച ഗംഭീറിനെ (119 പന്തില്‍ 113 റണ്‍സ്) ഹോഗിന്റെ പന്തില്‍ ഗില്‍ക്രിസ്റ്റ് സ്റ്റമ്പ് ചെയ്ത് പുറത്താക്കി.

ഓസീസുകാരുടെ നെഞ്ചിടിപ്പ് കൂട്ടിയ പോരാട്ടമാണ് പിന്നെ കണ്ടത്. ഉത്തപ്പയും പത്താനും രണ്ടും കല്‍പിച്ച് ബാറ്റു വീശിയപ്പോള്‍ ബൗണ്ടറികള്‍ ഒഴുകി. ഒരുവേള ഇന്ത്യ അട്ടിമറി വിജയം നേടുമെന്ന് ഉറപ്പിച്ച ഘട്ടത്തില്‍ പത്താനു (22) പിഴച്ചു. ബ്രാക്കണ്‍ കാച്ചെടുത്തു, വിക്കറ്റ് ഹോപ്സിന്.

പകരം വന്ന ഹര്‍ബജനും വിട്ടുകൊടുക്കാനുളള മൂഡിലായിരുന്നില്ല. ബൗണ്ടറി തേടി ബാജിയുടെ ബാറ്റില്‍ നിന്നും പന്ത് കുതിച്ചു പാഞ്ഞു. 11 പന്തില്‍ മൂന്ന് ബൗണ്ടറിയോടെ 20 റണ്‍സ് നേടിയ ഹര്‍ബജനെ ഗില്‍ക്രിസ്റ്റിന്റെ കൈകളിലെത്തിച്ച് ബ്രെറ്റ്ലീ തിരിച്ചടിച്ചു. തൊട്ടടുത്ത പന്തില്‍ ഉത്തപ്പയുടെ (46 പന്തില്‍ 51 റണ്‍സ്) ഇന്നിംഗ്സ് ഹസിയുടെ കൈകളില്‍ ഭദ്രമായി അവസാനിച്ചപ്പോള്‍ ബ്രെറ്റ്ലീ ആനന്ദനൃത്തം ചവിട്ടി. ഓസീസ് നായകന്‍‍ ദീര്‍ഘനിശ്വാസം വിട്ടു.

പിന്നെ ചടങ്ങു തീര്‍ക്കുന്ന ജോലി മാത്രം. അവസാന ഓവറിലെ ആദ്യ പന്തില്‍ ഇശാന്ത് ശര്‍മ്മയുടെ ഓഫ് സ്റ്റമ്പ് പിഴുത് ബ്രെറ്റ്ലീ തന്നെ ആ കടമയും നിറവേറ്റി. 58 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ലീ തന്നെയാണ് ഇന്ത്യയുടെ അട്ടിമറി വിജയം തടഞ്ഞത്.

അടുത്ത കളി ശ്രീലങ്കയോട് തോറ്റാല്‍ ഇന്ത്യയ്ക്ക് ഫൈനല്‍ കാണാതെ മടങ്ങേണ്ടി വരും.

Story first published: Wednesday, December 7, 2011, 14:09 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+