For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊന്നതാരെന്ന് പുറത്തറിയില്ല, ഒരിക്കലും

By Staff

ഞായറാഴ്ച വെളുപ്പിന് മൂന്നു മണിക്കാണ് ബോബ് വൂമര്‍ ഭാര്യയ്ക്ക് തന്റെ ലാപ് ടോപ്പില്‍ നിന്നും ഇ മെയില്‍ അയച്ചത്. അയര്‍ലണ്ടിനോടുളള തോല്‍വിയെത്തുടര്‍ന്ന് കളിക്കാരും കോച്ചും തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടായിരുന്നതായും തെളിഞ്ഞിട്ടുണ്ട്. വെളുപ്പിന് മൂന്നു മണിക്കു ശേഷം ഏത് അജ്ഞാതനാണ് അല്ലെങ്കില്‍ അജ്ഞാതരാണ് വൂമറുടെ കഴുത്തു ഞെരിച്ചത്?

വിവിഐപികള്‍ മാത്രം താമസിക്കുന്നതാണ് വൂമറുടെ മുറി ഉള്‍പ്പെടുന്ന ഹോട്ടല്‍ നില. ബോബ് വൂമര്‍, പാകിസ്താന്‍ ടീം, വെസ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ബ്രയന്‍ലാറ എന്നിവര്‍ ഈ നിലയിലാണ് താമസിച്ചിരുന്നത്.

സുശക്തമായ സുരക്ഷാ ക്രമീകരണങ്ങളുണ്ട് ഹോട്ടലില്‍. ഓരോ നിലയിലും കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ കാമറയില്‍ നിന്നുളള ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം ഇത്രയും താമസിക്കുന്നത്? അതോ കാമറയില്‍ ദൃശ്യങ്ങള്‍ ഇല്ലേ?

വൂമറുടെ മൃതദേഹം ആദ്യം പോസ്റ് മോര്‍ട്ടം ചെയ്തത് കിങ്സ്റണിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘമാണ്. അവര്‍ നല്‍കിയത് അഴകൊഴമ്പന്‍ പോസ്റ് മോര്‍ട്ടം റിപ്പോര്‍ട്ടാണെന്ന് പുതിയ അന്വേഷണ സംഘവും വിദേശ ഫോറന്‍സിക് വിദഗ്ധരും ഒരുപോലെ അഭിപ്രായപ്പെടുന്നു.

രാവിലെ എട്ടു മണിക്കു തന്നെ വൂമറെ അബോധാവസ്ഥയില്‍ കണ്ടിരുന്നെന്നും എന്നാല്‍ തൊട്ടടുത്ത ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ രണ്ടു മണിക്കൂറിലേറെ സമയമെടുത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബോബ് വൂമര്‍ മരിക്കണമെന്ന് ഉന്നതര്‍ ആഗ്രഹിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടാന്‍ ഇതൊക്കെ മതിയായ കാരണങ്ങളാണ്. ആര്‍ക്കുമില്ല ഈ കൊലപാതകം തെളിയിക്കപ്പെടണമെന്ന സത്യസന്ധമായ ആഗ്രഹം. അന്വേഷണം ഇഴഞ്ഞു നീങ്ങുന്നത് കാണുമ്പോള്‍ത്തന്നെ അറിയാം എന്തായിരിക്കും അവസാന ഫലമെന്ന്.

പാക് കളിക്കാരുടെ ഡിഎന്‍എ ടെസ്റ് നടത്തിയിട്ടുണ്ട്. പരിശോധനാ ഫലം പുറത്തു വന്നിട്ടില്ല. പരിശോധനാ ഫലം പുറത്തു വരാതെ എന്തിനാണ് ഇവരെ രാജ്യം വിടാന്‍ അനുവദിക്കുന്നത്. ജമൈക്കയും പാകിസ്താനുമായി കുറ്റവാളികളെ കൈമാറാന്‍ കരാറില്ല.

വൂമറെ കൊന്നത് ഏതെങ്കിലും പാകിസ്താന്‍ കളിക്കാരനാണെങ്കില്‍, ഒരു ശതമാനം സാധ്യതയെങ്കിലും അതിനുണ്ടെന്നിരിക്കട്ടെ, അയാളെ എങ്ങനെ അറസ്റു ചെയ്യും? ഒരാളെ കഴുത്തു ഞെരിച്ചു കൊന്നത് തിരിച്ചറിയാന്‍ അഞ്ചു ദിവസം വേണ്ടി വന്ന അന്വേഷണ സംഘത്തിന് ഡിഎന്‍എ ടെസ്റിന്റെ ഫലത്തിനായി എത്രദിവസം കാത്തിരിക്കേണ്ടി വരും?

17,000 കോടി രൂപയാണ് 51 കളിയ്ക്കിടയില്‍ പന്തയം വയ്ക്കപ്പെട്ട തുക. സാധാരണക്കാരന്റെ ഊഹങ്ങള്‍ക്കപ്പുറമുളളതാണ് ക്രിക്കറ്റിന്റെ അധോലോകത്ത് കൈമറിയുന്ന കോടികള്‍. ആര്‍ക്ക് ആരെയാണ് വിലയ്ക്കെടുക്കാനാവാത്തത്.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കുറ്റകൃത്യ നിരക്കുളള നഗരമാണ് ജമൈക്ക. അവിടെയാണ് വൂമര്‍ കൊല്ലപ്പെട്ടത്. ഏറ്റവും ഉയര്‍ന്ന സുരക്ഷാ ക്രമീകരണങ്ങള്‍ ഭേദിച്ച് അതിപ്രശസ്തനായ ഒരാള്‍ കൊല്ലപ്പെട്ടിട്ട് ഏഴു ദിവസം കഴിയുമ്പോഴും കൊലയാളിക്കളെക്കുറിച്ച് ഊഹാപോഹങ്ങളല്ലാതെ മറ്റൊന്നുമില്ല അന്വേഷണ സംഘത്തിന് നല്‍കാന്‍.

ഏതെങ്കിലും ഒരു ബലിയാടിനെ തിരയുകയാവും മാഫിയ. വ്യക്തിവൈരാഗ്യത്തിന്റെ ഒരു കഥയും പുറത്തു വരും. ഹാന്‍സി ക്രോണ്യെയെ നിഷ്പ്രയാസം അവസാനിപ്പിച്ച പന്തയ മാഫിയ ഈ പ്രതിസന്ധിയും അതിജീവിക്കും. അതിനുളള തിരക്കഥകളാണ് അണിയറയില്‍ തയ്യാറാവുന്നത്.

പിഴവുകളില്ലാതെ അത് സംവിധാനം ചെയ്യപ്പെടുന്നതിനുളള കാലതാമസമാണ് ഇപ്പോള്‍ എടുക്കുന്നത്. കഥയെഴുതിയതാരെന്നും സംവിധാനം ചെയ്തതാരെന്നും ജനമറിയില്ല, ഒരിക്കലും. എന്നാല്‍ ആ നാടകം അടുത്തു തന്നെ കാണാം.

Story first published: Wednesday, December 7, 2011, 13:57 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+