സിഡ്നി: ഒളിംപിക്സില്‍ പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്ത മത്സരത്തില്‍ സ്വര്‍ണ്ണം നേടിയ താരത്തെ അയോഗ്യനാക്കി. മെക്സിക്കന്‍ താരമായ ബെര്‍ണാഡോ സെഗുരയ്ക്കാണ് ഈ നിര്‍ഭാഗ്യം. മത്സരത്തിന്റെ അവസാന ഘട്ടത്തില്‍ സെഗുരയുടെ കാലുകള്‍ നിലത്തുറച്ചിരുന്നില്ലെന്ന്് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫലപ്രഖ്യാപനത്തിനു തൊട്ടുപിന്നാലെത്തന്നെ അദ്ദേഹത്തെേ അയോഗ്യനാക്കുകയായിരുന്നു.
സെഗുരയ്ക്കു പിന്നില്‍ ഫിനിഷ് ചെയ്ത പോളിഷ് താരം റോബര്‍ട്ട് കോര്‍സെനിയോവ്സ്കിക്ക് ഈയിനത്തിലെ സ്വര്‍ണ്ണം നല്‍കി.
ഒളിംപ്ക്സ് റെക്കോര്‍ഡ് തകര്‍ത്ത പ്രകടനത്തോടെയായിരുന്നു സെഗുരാ 20 കിലോമീറ്റര്‍ നടത്തം പൂര്‍ത്തിയാക്കിയത്. ഒരു മണിക്കൂര്‍ 18.47 സെക്കന്‍ഡില്‍ അദ്ദേഹം മത്സരം പൂര്‍ത്തിയാക്കി. രണ്ടാമതെത്തിയ പോളണ്ട് താരവും സെഗുരയും തമ്മില്‍ കടുത്ത മത്സരമായിരുന്നു.
30 കാരനായ സെഗുര 1996 അറ്റ്ലാന്റാ ഒളിംപിക്സില്‍ ഈയിനത്തില്‍ വെങ്കലം നേടിയിരുന്നു. വിജയാഹ്ളാദത്താല്‍ അദ്ദേഹം നിലത്തു വീണുരുണ്ടു. തൊട്ടു പിന്നാലെയായിരുന്നു അധികൃതരുടെ ഞെട്ടിപ്പിക്കുന്ന തീരുമാനം വന്നത്.
സെഗുരയെ അയോഗ്യനാക്കിയതിനെത്തുടര്‍ന്ന് കോര്‍സെനിയോവ്സ്കി സ്വര്‍ണ്ണവും മൂന്നാമതെത്തിയ മെക്സിക്കന്‍ താരം നോവ് ഹെര്‍ണാണ്ടസ് വെള്ളിയും നാലാമതെത്തിയ റഷ്യന്‍ താരം വ്ലാദിമിര്‍ ആന്‍ദ്രേയേവ് വെങ്കലവും നേടി.