ഗുവാഹത്തി: അമ്പയറെ അനുസരിക്കാത്തതിന് ന്യൂസിലാന്റ് ഓള്‍ റൗണ്ടര്‍ സ്കോട്ട് സ്റൈറിസിന് പിഴ. അദ്ദേഹത്തിന്റെ മാച്ച് ഫീസ് മുഴുവന്‍ പിഴയായി ഈടാക്കാനാണ് തീരുമാനം.
കട്ടക്കില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ-ന്യൂസിലാന്റ് മത്സരത്തിനിടയിലായിരുന്നു സ്റൈറിസ് അമ്പയറോട് അപമര്യാദയായി പെരുമാറിയത്. മാച്ച് റഫറി രഞ്ജന്‍ മദുഗല്ലെയാണ് സ്റൈറിസിന് 2500 ഡോളര്‍ പിഴ വിധിച്ചത്.
അമ്പയര്‍ എ. ജയപ്രകാശാണ് 68 റണ്‍സെടുത്ത് നില്ക്കുകയായിരുന്ന സ്റൈറിസിനെതിരെ എല്‍ബി വിധിച്ചത്. മുരളി കാര്‍ത്തിക്കിന്റെ പന്തിലാണ് സ്റൈറിസ് എല്‍ബിയില്‍ കുടുങ്ങിയത്. അമ്പയര്‍ക്കെതിരെ അസഭ്യം പറഞ്ഞുകൊണ്ടാണ് സ്റൈറിസ് കളിക്കളം വിട്ടത്.
സ്റൈറിസ് പൊതുവെ മര്യാദക്കാരനായതിനാലാണ് അദ്ദേഹത്തെ അടുത്ത മാച്ചുകളില്‍ നിന്ന് വിലക്കാതിരുന്നത്. ശിക്ഷ വിധിയ്ക്കുമ്പോള്‍ ന്യൂസിലാന്റ് മാനേജര്‍ ലിന്റ്സേ ക്രോക്കറും ക്യാപ്റ്റന്‍ സ്റീഫന്‍ ഫ്ലെമിംഗും ഹാജരായിരുന്നു. സ്റൈറിസ് മാച്ച് റഫറിയുടെ ശിക്ഷ സ്വീകരിച്ചതായും അറിയുന്നു.