കൊച്ചിയില്‍ ക്രിക്കറ്റ് അക്കാദമിക്ക് രൂപം നല്‍കണമെന്ന് ശ്രീകാന്ത്
കൊച്ചി: കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റേഡിയം കേന്ദ്രമാക്കി ക്രിക്കറ്റ് പരിശീലന അക്കാദമിക്ക് രൂപം നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൃഷ്ണമാചാരി ശ്രീകാന്ത്. ലോകോത്തര നിലവാരമുള്ള സ്റേഡിയം ഭാവിവാഗ്ദാനങ്ങളെ വളര്‍ത്തിയെടുക്കാന്‍ പ്രയോജനപ്പെടുത്തണം. പെപ്സി പോലുള്ള വന്‍കിട സ്ഥാപനങ്ങള്‍ ഇതിനായി പണം മുടക്കാന്‍ സന്നദ്ധരാകും. ശ്രീകാന്ത് കൊച്ചിയില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
ഇന്ത്യന്‍ ടീമില്‍ മലയാളി പ്രതിഭകള്‍ സാന്നിദ്ധ്യമറിയിക്കുന്ന കാലം വിദൂരമല്ല. ക്രിക്കറ്റ് കഴിവ് തെളിയിക്കാന്‍ കെല്‍പുള്ള ഇളംപ്രായക്കാരുടെ വന്‍നിര തന്നെ കേരളത്തിലുണ്ട്. ദേശീയ ടീമില്‍ അംഗമാകാന്‍ യോഗ്യരാണെന്ന ആത്മവിശ്വാസം ഇവരില്‍ വളര്‍ത്തണം. ഇവിടെയാണ് പരിശീലന അക്കാദമിയുടെ പ്രസക്തി. ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
ശ്രീകുമാര്‍ നായരെ പോലുള്ള താരങ്ങള്‍ കേരളത്തിന്റെ ക്രിക്കറ്റ് വാഗ്ദാനങ്ങളാണ്. അണ്ടര്‍ പത്തൊമ്പത് ടീമില്‍ ഉജ്ജ്വല പ്രകടനമാണ് ശ്രീകുമാര്‍ കാഴ്ച വച്ചത്. നിശ്ചയദാര്‍ഢ്യമുള്ള ഔള്‍റൗണ്ടറാണ് ഈ ചെറുപ്പക്കാരന്‍. ടിനു യോഹന്നാനെ പോലുള്ളവരിലും കേരളത്തിന് പ്രതീക്ഷയര്‍പ്പിക്കാം.
അനന്തപത്മനാഭനും കെ പി ഭാസ്കറും തഴയപ്പെട്ട പഴങ്കഥകള്‍ മറന്ന് ശുഭപ്രതീക്ഷയോടെ യത്നിക്കാന്‍ കേരളതാരങ്ങള്‍ തയ്യാറാകണം. അനന്തപത്മനാഭന് വിനയായത് ദൗര്‍ഭാഗ്യമാണ്. ലെഗ് സ്പിന്നറെന്ന നിലയില്‍ കുംബ്ലെ ടീമിലുണ്ടായിരുന്നതാണ് അനന്തന്‍ തഴയപ്പെടാന്‍ കാരണം. ഉയര്‍ന്നുവരുവാനുള്ള എല്ലാ ചുറ്റുപാടുകളും ഇവിടെയുണ്ട്. മറിച്ചുള്ള ആരോപണങ്ങള്‍ ശരിയല്ല. പ്രാദേശിക പരിഗണനകള്‍ക്കതീതമായാണ് ടീമിലേക്ക് തിരഞ്ഞെടുപ്പ് നടത്തേണ്ടത്.
ഇപ്പോഴത്തെ ഇന്ത്യന്‍ ടീം നല്ലതുതന്നെ. കളി ജയിപ്പിക്കാന്‍ കഴിവുള്ള ബൗളര്‍മാരും ഓള്‍റൗണ്ടര്‍മാരും ടീമില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ക്രിക്കറ്റിന്റെ വികസനത്തിനും നന്മയ്ക്കുമായുള്ള എല്ലാ സംരംഭങ്ങള്‍ക്കും തന്റെ സഹായമുണ്ടാകുമെന്ന് ശ്രീകാന്ത് പറഞ്ഞു.
ക്രിക്കറ്റ് താരങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം വേണമെന്ന നിര്‍ദ്ദേശത്തെ ശ്രീകാന്ത് സ്വാഗതം ചെയ്തു. ക്രിക്കറ്റ് കോഴ വിവാദത്തെപ്പറ്റി സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. എറണാകുളത്ത് എം ജി റോഡിലെ വെജ് വേള്‍ഡ് റസ്റോറന്റിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ശ്രീകാന്ത് എത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications