പാരീസ്: അര്‍ജന്റീനയുടെ ഫ്രാങ്കോ സ്ക്വില്ലാരി ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ സെമിഫൈനലില്‍ കടന്നു. സീഡ് ചെയ്യപ്പെടാത്ത താരങ്ങള്‍ വാശിയേറിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പെയിനിന്റെ ആല്‍ബര്‍ട്ട് കോസ്റയെ 6-4, 6-4, 2-6, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സ്ക്വില്ലാരിയുടെ ആദ്യ ഗ്രാന്റ്സ്ലാം സെമി പ്രവേശനം.
മൂന്നു മണിക്കൂറിലധികം നീണ്ട മത്സരത്തില്‍ ആദ്യ രണ്ടു സെറ്റുകളില്‍ കോസ്റയുടെ ഓരോ സെര്‍വുകള്‍ ഭേദിച്ച സ്ക്വില്ലാരിക്ക് മൂന്നാം സെറ്റില്‍ തിരിച്ചടിയേറ്റു. മത്സരത്തിന്റെ ഏകപക്ഷീയത ഒഴിവാക്കിയ കോസ്റ സ്ക്വില്ലാരിയുടെ രണ്ടു സെര്‍വുകള്‍ ഭേദിച്ച് സെറ്റ് 6-2-ന് കൈയടക്കി.
ഇരുവരും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്ത നാലാം സെറ്റില്‍ ഭാഗ്യം സ്ക്വില്ലാരിക്കൊപ്പമായിരുന്നു. ശക്തമായ സെര്‍വീസുകളുടെ പിന്‍ബലത്തില്‍ നിര്‍ണായക സമയത്ത് കോസ്റയുടെ സെര്‍വ് ഭേദിച്ച സ്ക്വില്ലാരി സെറ്റും മത്സരവും കൈക്കലാക്കി.
മൂന്നാം സീഡ് മാഗ്നസ് നോര്‍മന്‍ 12-ാം സീഡ് മാരത് സഫിന് എന്നിവര്‍ തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് സ്ക്വില്ലാരി സെമിയില്‍ നേരിടുക.