മുംബൈ : പരസ്യക്കരാര്‍ സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ച നടത്താന്‍ ഐസിസി ചീഫ് എക്സിക്യൂട്ടീവ് മാല്‍ക്കം സ്പീഡ് മുംബൈയിലെത്തി.
ഐസിസിയുടെ സ്പോണ്‍സര്‍ഷിപ്പ് കരാറിനെ ന്യൂസിലാന്റും സിംബാബ്വെയുമൊഴിച്ചുളള രാജ്യങ്ങള്‍ രൂക്ഷമായി എതിര്‍ക്കുന്നതിനാല്‍ അടുത്ത മാസം ശ്രീലങ്കയില്‍ നടക്കാനുളള ഐസിസി ചാമ്പ്യന്‍ഷിപ്പ് സംശയത്തിലായിരിക്കുകയാണ്. ചാമ്പ്യന്‍ഷിപ്പ് നടന്നാല്‍ തന്നെ ഇന്ത്യയില്‍ നിന്നും രണ്ടാം നിര ടീമായിരിക്കും പങ്കെടുക്കുകയെന്ന് ഉറപ്പാണ്.
വിവാദം സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ മാല്‍ക്കം സ്പീഡ് തയ്യാറായില്ല. സച്ചിനും ഗാംഗൂലിയും ദ്രാവിഡും സെവാഗുമില്ലാത്ത ഇന്ത്യന്‍ ടീം ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കുന്നത് മത്സരത്തിന്റെ വ്യാപാര സാദ്ധ്യതെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.
തങ്ങളുടെ സ്പോണ്‍സര്‍മാരുമായി ഉണ്ടാക്കിയിരിക്കുന്ന കരാര്‍ ലംഘിച്ച് പുതിയൊരു ഒരിക്കലും ഒപ്പിടില്ലെന്ന കടുത്ത നിലപാടിലാണ് ഇന്ത്യയുടെ മുന്‍നിര താരങ്ങള്‍. ടൂര്‍ണമെന്റ് തുടങ്ങുന്നതിന് ഒരു മാസം മുമ്പു മുതല്‍ അവസാനിച്ച് ഒരു മാസം കഴിയുന്നതു വരെ കരാറിന്റെ കാലാവധി നീളുന്നതിനാല്‍ തങ്ങളുടെ സ്പോണ്‍സര്‍മാര്‍ക്ക് ഇത് ബുദ്ധിമുട്ടാകുമെന്ന ന്യായമായ വാദമാണ് അവര്‍ ഉന്നയിക്കുന്നത്.