ഗ്വാംഗ്ജു(തെക്കന്‍കൊറിയ): പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ സ്പെയിനെ രണ്ടു ഗോളിന് തോല്പിച്ച് തെക്കന്‍ കൊറിയ സെമിയില്‍ കടന്നു. തെക്കന്‍ കൊറിയ അഞ്ച് പെനാല്‍റ്റികളും ഗോളാക്കി മാറ്റിയപ്പോള്‍ സ്പെയിനിന്റെ രണ്ടു പെനാല്‍റ്റികള്‍ കൊറിയന്‍ ഗോളി രക്ഷിച്ചു.
നേരത്തെ ഇറ്റലിയെ തോല്പിച്ച് ക്വാര്‍ട്ടറില്‍ കടന്ന തെക്കന്‍ കൊറിയ അവരുടെ അവിശ്വസനീയമായ ജയം ശനിയാഴ്ചയും ആവര്‍ത്തിക്കുകയായിരുന്നു. സെമിയില്‍ തെക്കന്‍ കൊറിയ ജര്‍മ്മനിയെ നേരിടും.
കൊറിയന്‍ ഗോളി ലീ വൂന്‍ ജെ ആയിരുന്നു ശനിയാഴ്ചത്തെ താരം. സ്പെയിനിന്റെ മിഡ്ഫീല്‍ഡല്‍ ജൊവാക്വിന്‍ അടിച്ച പെനാല്‍റ്റി രക്ഷിച്ചുകൊണ്ടാണ് ലീ വൂന്‍ കൊറിയയുടെ സെമി പ്രവേശനത്തിന് വഴിയൊരുക്കിയത്.
എന്നാല്‍ റഫറിയുടെ തെറ്റായ തീരുമാനങ്ങള്‍ വഴിയാണ് കൊറിയ ഈ വിജയം നേടിയതെന്ന് സ്പെയിന്‍ ആരോപിച്ചു. നേരത്തെ സ്പെയിന്‍ നേടിയ രണ്ട് ഗോളുകളും ഗോളല്ലെന്ന് റഫറി വിധിച്ചിരുന്നു.