ബാംഗ്ലൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കളി വിലയിരുത്താന്‍ ബിസിസിഐ ഒരു സോഫ്റ്റ്വെയര്‍ തയ്യാറാക്കി. ഫീനിക്സ് ഗ്ലോബല്‍ സൊലൂഷന്‍സാണ് കളിക്കാരുടെ പ്രകടനം വിലയിരുത്തുന്ന ഇ-ക്രിക്കറ്റ് പ്രൊ എന്ന സോഫ്റ്റ്വെയര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ബാംഗ്ലൂരില്‍ ബിസിസിഐ പ്രസിഡണ്ട് എ.സി. മുത്തയ്യ സോഫ്റ്റ്വെയര്‍ ഉദ്ഘാടനം ചെയ്തു. ഇത്തരത്തിലുള്ള സോഫ്റ്റ്വെയര്‍ ദക്ഷിണാഫ്രിക്കയും ആസ്ത്രേലിയയും ഇപ്പോള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഇന്ത്യയെ ലോകത്തെ മികച്ച മൂന്നു ടീമുകളില്‍ ഒന്നാക്കുകയാണ് സോഫ്റ്റ്വെയറിന്റെ ലക്ഷ്യം.
ബിസിസിഐ സെക്രട്ടറി ജയ്വന്ത് ലെലെയും ടീം കോച്ച് ജോണ്‍ റൈറ്റും ഈ നീക്കത്തെ പ്രശംസിച്ചു. ഒരു കളിക്കാരന്‍ എന്തു വീഴ്ചയാണ് വരുത്തുന്നതെന്ന് മനസ്സിലാക്കാനും അത് തിരുത്താനും ഈ ഉപകരണം കൊണ്ട് കഴിയുമെന്ന് റൈറ്റ് പറഞ്ഞു. സാധാരണ മത്സരത്തിന് ശേഷം കളിക്കാരുടെ കുറവുകളും വീഴ്ചകളും കണ്ടെത്താനും വിലയിരുത്താനുമാണ് ഈ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുക.
പക്ഷെ കളിക്കിടയില്‍ തന്നെ ചായക്കും ഭക്ഷണത്തിനും വീണു കിട്ടുന്ന ഇടവേളകളിലും ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാല്‍ നല്ലതാണ്.കളിക്കാര്‍ക്ക് അതുവരെ അവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ അപ്പോള്‍ തന്നെ തിരുത്താന്‍ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.