ഗാലെ: മുത്തയ്യ മുരളീധരന്റെ മാന്ത്രികസ്പിന്നിന്റെ സഹായത്താല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റില്‍ ശ്രീലങ്കക്ക് ഒരിന്നിംഗ്സിന്റെയും 15 റണ്ണിന്റെയും വിജയം.
ടെസ്റില്‍ ആകെ 13 വിക്കറ്റുകളാണ് മുരളി വീഴ്ത്തിയത്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സിലെ ആറു വിക്കറ്റുകള്‍ 87 റണ്ണിന് വീഴ്ത്തിയ മുരളി രണ്ടാം ഇന്നിംഗ്സില്‍ വെറും 84 റണ്‍ വിട്ടുകൊടുത്ത് ഏഴു വിക്കറ്റുകള്‍ വീഴ്ത്തി.
ആദ്യഇന്നിംഗ്സിലെ 294 റണ്ണിന്റെ കടവുമായി രണ്ടാം ഇന്നിംഗ്സില്‍ ബാറ്റു ചെയ്യാനെത്തിയ ദക്ഷിണാഫ്രിക്കക്ക് ശ്രീലങ്കന്‍ സ്പിന്നര്‍മാര്‍ക്കെതിരെ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പരിചയസമ്പന്നരായ ജോണ്ടി റോഡ്സും ജാക്വിസ് കാലിസും മാത്രമാണ് അല്‍പമെങ്കിലും പിടിച്ചു നിന്നത്. റോഡ്സ് 63 റണ്ണും കാലിസ് 40 റണ്ണും എടുത്തു. കാലിസ് ചന്ദനക്ക് കീഴടങ്ങിയപ്പോള്‍ റോഡ്സ് പുറത്താകാതെ നിന്നു.
ഒന്നാം ഇന്നിംഗ്സിലെ പോലെ തന്നെ ഉപുല്‍ ചന്ദനയില്‍ നിന്നും മുരളീധരന് കാര്യമായ പിന്തുണ ലഭിച്ചു. കാലിസിന്റെ മക്കെന്‍സിയുടെയും വിക്കറ്റുകള്‍ ചന്ദനയാണ് വീഴ്ത്തിയത്. ഒരു റണ്ണൗട്ടൊഴികെയുള്ള ബാക്കിയുള്ള വിക്കറ്റുകളെല്ലാം മുരളിക്ക് അവകാശപ്പെട്ടതാണ്. അവസാന രണ്ടു ബാറ്റ്സ്മാന്മാരെയും മുരളി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.