ഗലെ: സിംഗര്‍കപ്പ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആതിഥേയരായ ശ്രീലങ്കക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. ദക്ഷിണാഫ്രിക്കയെ 37 റണ്ണിനാണ് അവര്‍ പരാജയപ്പെടുത്തിയത്. ബുധനാഴ്ച നടന്ന ഉദ്ഘാടന മത്സരത്തില്‍ അവര്‍ പാക്കിസ്ഥാനെ അഞ്ചു വിക്കറ്റിന് തോല്പിച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ വിജയത്തോടെ ജൂലൈ 14-ന് നടക്കുന്ന ഫൈനലില്‍ ശ്രീലങ്ക ഏതാണ്ട് സ്ഥാനമുറപ്പിച്ചു.
ആദ്യം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 249 റണ്ണെടുത്തു. മറുപടിയായി ദക്ഷിണാഫ്രിക്കക്ക് 49 ഓവറില്‍ 212 റണ്‍ എടുക്കാനേ സാധിച്ചുള്ളൂ.
ഓപ്പണര്‍മാരായ ഗാരി കേഴ്സ്റ്റണും ആന്‍ഡ്രൂ ഹാളും 150 റണ്ണിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയശേഷമാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് തകര്‍ന്നുതരിപ്പണമായത്. 10 ഓവറില്‍ 44 റണ്‍ വഴങ്ങി നാലു വിക്കറ്റെടുത്ത ഉപുല്‍ ചന്ദനയാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിന്റെ നട്ടെല്ലൊടിച്ചത്. ഹാള്‍ 81 റണ്ണും കേഴ്സ്റണ്‍ 59 റണ്ണും എടുത്തു.
രാവിലെ ബാറ്റിംഗാരംഭിച്ച ശ്രീലങ്കക്ക് തുടക്കത്തില്‍ത്തന്നെ തിരിച്ചടിയേറ്റെങ്കിലും കുമാര്‍ സംഘക്കാര ആവിഷ്ക ഗുണവര്‍ധനെയും റസ്സല്‍ ആര്‍നോള്‍ഡുമായി പടുത്തുയര്‍ത്തിയ നാലും അഞ്ചും വിക്കറ്റ് കൂട്ടുകെട്ടുകള്‍ ഇന്നിംഗ്സിന് കരുത്തായി.
ക്യാപ്റ്റന്‍ സനത് ജയസൂര്യ (പൂജ്യം), മാര്‍വന്‍ അട്ടപ്പട്ടു (3), മഹേല ജയവര്‍ധനെ (8) എന്നിവര്‍ പെട്ടെന്ന് പുറത്തായതിനുശേഷമാണ് സംഘക്കാരയും ഗുണര്‍വര്‍ധനെയും നാലാം വിക്കറ്റിനു ചേര്‍ന്നത്. ഗുണവര്‍ധനെ 64 പന്തില്‍ നിന്ന് 45 റണ്ണെടുത്തു പുറത്തായതിനുശേഷമാണ് റസ്സല്‍ ആര്‍നോള്‍ഡെത്തിയത്. സംഘക്കാരയും ആര്‍നോള്‍ഡും തമ്മിലുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 120 റണ്ണെടുത്തു.
115 പന്തില്‍ 84 റണ്ണെടുത്ത സംഘക്കാര റണ്ണൗട്ടായി. പിന്നീടു വന്ന ഉപുല്‍ ചന്ദനക്കും (2) കുമാര ധര്‍മ്മസേനക്കും (4) കാര്യമായൊന്നും ചെയ്യാനായില്ല. ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 70 പന്തില്‍ നിന്ന് 60 റണ്ണെടുത്ത ആര്‍നോള്‍ഡിന് കൂട്ട് അഞ്ചു റണ്ണെടുത്ത ചാമിന്ദ വാസായിരുന്നു.
ദക്ഷിണാഫ്രിക്കക്കു വേണ്ടി ഓള്‍ൗണ്ടര്‍ ജാക്വിസ് കാലിസ് 40 റണ്‍ വഴങ്ങി മൂന്നു വിക്കറ്റെടുത്തു.
ബുധനാഴ്ച നടന്ന ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്ക പാക്കിസ്ഥാനെ അഞ്ചു വിക്കറ്റിന് തോല്പിച്ചിരുന്നു.