ഗലെ (ശ്രീലങ്ക): സിംഗര്‍ കപ്പ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്ക പാക്കിസ്ഥാനെ അഞ്ചു വിക്കറ്റിന് തോല്പിച്ചു.
മഴ കാരണം 45 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്ണെടുത്ത്. മറുപടിയായി ശ്രീലങ്ക 37.3 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്ണെടുത്തു.
62 റണ്ണെടുത്ത മാര്‍വന്‍ അട്ടപ്പട്ടുവും 35 റണ്ണെടുത്ത സംഘക്കാരയും ചേര്‍ന്നാണ് ശ്രീലങ്കയെ വിജയത്തിലേക്ക് നയിച്ചത്. 165 റണ്‍ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ക്ക് തുടക്കത്തില്‍ത്തന്നെ തിരിച്ചടിയേറ്റു. സ്കോര്‍ബോര്‍ഡില്‍ ഒരു റണ്‍ ഉള്ളപ്പോള്‍ റണ്ണൊന്നുമെടുക്കാത്ത ഓപ്പണര്‍ ഗുണവര്‍ധനെ വഖാര്‍ യൂനിസിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി.
പിന്നീട് ക്യാപ്റ്റന്‍ സനത് ജയസൂര്യയും അട്ടപ്പട്ടുവും ചേര്‍ന്ന് ഇന്നിംഗ്സ് പടുത്തുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 19-ല്‍ വെച്ച് 11 റണ്ണെടുത്ത ജയസൂര്യ പുറത്തായി. വഖാറിന്റെ തന്നെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മോയിന്‍ഖാന് ക്യാച്ച്. പിന്നീടെത്തിയ മഹേല ജയവര്‍ധനെ 14 റണ്ണെടുത്തപ്പോഴേക്കും അബ്ദുള്‍ റസാഖിന്റെ പന്തില്‍ യൂസഫ് യൂഹാനക്ക് പിടികൊടുത്ത് മടങ്ങി.
അതിനുശേഷമാണ് അട്ടപ്പട്ടുവും സംഘക്കാരയും ഒത്തുചേര്‍ന്നത്. നാലാം വിക്കറ്റിന് 66 റണ്‍ കൂട്ടിച്ചേര്‍ത്ത ഇവര്‍ ശ്രീലങ്കയെ വിജയത്തിനടുത്തെത്തിച്ചു. 135-ല്‍ വെച്ച് സംഘക്കാര പുറത്തായെങ്കിലും റസ്സല്‍ ആര്‍നോള്‍ഡുമൊത്ത് അട്ടപ്പട്ടു പോരാട്ടം തുടര്‍ന്നു. 146-ല്‍ വെച്ച് അട്ടപ്പട്ടു റസാഖിന്റെ പന്തില്‍ വിക്കറ്റിനുമുന്നില്‍ കുടുങ്ങി.
നേരത്തെ ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യ പാക്കിസ്ഥാനെ ബാറ്റിംഗിനയക്കുകയായിരുന്നു. തുടക്കത്തില്‍ത്തന്നെ ഇമ്രാന്‍ നസീര്‍ (പൂജ്യം), ഷാഹിദ് അഫ്രീദി (5), യൂസഫ് യൂഹാന (പൂജ്യം) എന്നിവരെ നഷ്ടപ്പെട്ട പാക്കിസ്ഥാന്റെ സ്കോറിന് മാന്യത നല്‍കിയത് ഇന്‍സമാം ഉള്‍ ഹഖ് പുറത്താകാതെ നേടിയ 83 റണ്ണാണ്. എന്നാല്‍ മറ്റു കളിക്കാരില്‍ നിന്ന് ആവശ്യമായ പിന്തുണ ലഭിക്കാത്തതിനാല്‍ പാക്കിസ്ഥാന്‍ 45 ഓവറില്‍ 164 റണ്ണിലൊതുങ്ങി.
ശ്രീലങ്കക്കു വേണ്ടി സുവാന്‍ സോയ്സ ഒമ്പത് ഓവറില്‍ 34 റണ്‍ വഴങ്ങി നാലു വിക്കറ്റെടുത്തു. ചാമിന്ദ വാസ്, എറിക് ഉപശാന്ത, മുത്തയ്യ മുരളീധരന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.