കോട്ടയം: സംസ്ഥാനസ്കൂള്‍ കായികമേളയില്‍ കാഞ്ഞിരപ്പള്ളി കിരീടം നിലനിര്‍ത്തി. കോട്ടയം നാഗമ്പടം നെഹ്രുസ്റേഡിയത്തില്‍ ഡിസംബര്‍ അഞ്ച് ബുധനാഴ്ച സമാപിച്ച മേളയില്‍ 165 പോയിന്റോടെയാണ് കാഞ്ഞിപ്പള്ളി തുടര്‍ച്ചയായി 13ാം തവണയാ ണ് ഓവറോള്‍ കിരീടം നിലനിര്‍ത്തിയത്.
കോതമംഗലം വിദ്യാഭ്യാസ ജില്ല 113 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി. സ്പോര്‍ട്സ് ഡിവിഷന്‍ വിഭാഗത്തില്‍ 221 പോയിന്റ് നേടിയ തിരുവനന്തപുരം ജി.വി. രാജാ സ്കൂള്‍ ഒന്നാമതെത്തി. കണ്ണൂര്‍ സ്പോര്‍ട്സ് സ്കൂള്‍ സ്പോര്‍ട്സ് ഡിവിഷന്‍ വിഭാഗത്തില്‍ രണ്ടാംസ്ഥാനം നേടി. വിജയികള്‍ക്ക് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി അവാര്‍ഡുകള്‍ വിതരണം ചെയ്തു.
കണ്ണൂര്‍ സെന്റ് ജോര്‍ജ്ജ് സ്കൂളിലെ ബിനീഷ് സോമനാണ് ആണ്‍കുട്ടികളുടെ വ്യക്തിഗത ചാമ്പ്യന്‍പട്ടം നേടിയത്. പെണ്‍കുട്ടികളില്‍ കോരുത്തോടിന്റെ പൊന്നി ജോര്‍ജ്ജ്, ശ്രീലേഖ, കട്ടപ്പനയുടെ രഞ്ജുജോര്‍ജ്ജ് എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി. മേളയിലാകെ 21 റിക്കാര്‍ഡുകള്‍ തിരുത്തപ്പെട്ടു.