മുംബൈ: അബ്ദുള്‍ ഹക്കിം നേടിയ ഹാട്രിക്കോടെ കേരളം സന്തോഷ് ട്രോഫി കീരീടം നേടി. ഫുട്ബാള്‍ വിദഗ്ധര്‍ പ്രവചിച്ചതുപോലെ തന്നെ നേരിയ മുന്‍തൂക്കമുണ്ടായിരുന്ന കേരളം അത്യധ്വാനത്തിലൂടെയാണ് ഫൈനലില്‍ ഗോവയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് കീഴടക്കി കിരീടം നേടിയത്.
എക്സ്ട്രാ ടൈമിലാണ് അബ്ദുള്‍ ഹക്കിം കേരളത്തിന്റെ വിജയഗോള്‍ നേടിയത്. ഇരുപകുതികള്‍ കളിച്ചുതീര്‍ന്നപ്പോള്‍ ഇരുകൂട്ടരും സമനിലയില്‍ (2-2) ആയതിനാലാണ് കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്.
ആക്രമിച്ചു കളിക്കുന്ന മുന്‍നിരയായിരുന്നു കേരളത്തിന്റെ മേന്മ. ആസിഫ് അസ്ഹര്‍, എസ്. ഇഗ്നേഷ്യസ്, അബ്ദുള്‍ ഹക്കീം എന്നിവര്‍ ഗോവന്‍ പ്രതിരോധ നിരയെ തുളച്ചുകടക്കുന്നതില്‍ വിജയിച്ചു.
കളി തുടങ്ങി അധികംവൈകാതെ ഗോവ ആദ്യ ഗോള്‍ നേടി കേരളത്തെ ഞെട്ടിച്ചു. പിന്നീട് അധികം വൈകാതെ ഹക്കീമിലൂടെ കേരളം സമനില നേടി. പിന്നീട് ആദ്യപകുതി അവസാനിക്കുംമുമ്പേ അബ്ദുള്‍ഹക്കിം ഒരു ഗോള്‍ കൂടി നേടി കേരളം മുന്നിലെത്തി. പക്ഷെ രണ്ടാംപകുതി തുടങ്ങി അധികം വൈകാതെ ഗോവയ്ക്ക് വേണ്ടി നോയല്‍ വിത്സന്‍ സമനില ഗോള്‍ നേടി. പിന്നീട് എക്സ്ട്രാ ടൈമിലാണ് അബ്ദുള്‍ ഹക്കിം കേരളത്തിന്റെ വിജയഗോള്‍ നേടിയത്. ഹാട്രിക് കൂടി നേടിയ അബ്ദുള്‍ ഹക്കീമാണ് ഈ സന്തോഷ്ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത്.
ഒമ്പതാംതവണയാണ് കേരളം ഫൈനലില്‍ കളിക്കുന്നത്. 1973 ലും 92 ലും 93 ലും സന്തോഷ് ട്രോഫി നേടിയ കേരളം കഴിഞ്ഞ വര്‍ഷം മഹാരാഷ്ട്രയോടാണ് ഫൈനലില്‍ തോറ്റത്.
ജോലി ഇല്ലാത്ത കളിക്കാര്‍ക്ക് ജോലിയും എല്ലാ കളിക്കാര്‍ക്കും 30,000 രൂപയുടെ സ്വര്‍ണ്ണ മെഡലും നല്‍കുമെന്ന് സ്പോര്‍ട്ട്സ് മന്ത്രി കെ സുധാകരന്‍ അറിയച്ചു.